Text copied!
CopyCompare
മലയാളം ബൈബിള്‍ - യോഹന്നാൻ - യോഹന്നാൻ 11

യോഹന്നാൻ 11:6-40

Help us?
Click on verse(s) to share them!
6അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു.
7അതിന്റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
8ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
9അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ട് മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽസമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല.
10രാത്രിയിൽ നടക്കുന്നവനോ അവന് വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
11ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു.
12ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന് സൌഖ്യം വരും എന്നു പറഞ്ഞു.
13യേശു അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു.
14അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി;
15ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
16ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക എന്നു പറഞ്ഞു.
17യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞ്.
18ബെഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ച് നാഴിക ദൂരത്തായിരുന്നു.
19അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു.
20യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്ന് അവനെ കണ്ട്; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു.
21മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
22ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്ക് തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
23യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
24മാർത്ത അവനോട്: ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
25യേശു അവളോട്: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
26ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
27അവൾ അവനോട്: ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ട്
28പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
29അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ ചെന്ന്.
30യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്ത് തന്നേ ആയിരുന്നു.
31വീട്ടിൽ മറിയയോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിച്ചിരുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റ് പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരയുവാൻ പോകുന്നു എന്നു വിചാരിച്ചു അവളെ പിൻചെന്നു.
32യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
33അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി:
34അവനെ വെച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണുക എന്നു അവർ അവനോട് പറഞ്ഞു.
35യേശു കണ്ണുനീർ വാർത്തു.
36അപ്പോൾ യെഹൂദന്മാർ: കണ്ടോ ഇവൻ ലാസറിനെ എത്ര സ്നേഹിച്ചിരുന്നു എന്നു പറഞ്ഞു.
37ചിലരോ: കുരുടന്റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
38യേശു പിന്നെയും ഉള്ളം നൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
39“ആ കല്ല് എടുത്തുമാറ്റുവിൻ” എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, ഇപ്പോൾ ശരീരം ജീർണ്ണിച്ചിരിക്കും; അവൻ മരിച്ചിട്ട് നാലുദിവസമായല്ലോ എന്നു പറഞ്ഞു.
40യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.

Read യോഹന്നാൻ 11യോഹന്നാൻ 11
Compare യോഹന്നാൻ 11:6-40യോഹന്നാൻ 11:6-40