Text copied!
CopyCompare
മലയാളം ബൈബിള്‍ - ലൂക്കോസ് - ലൂക്കോസ് 6

ലൂക്കോസ് 6:2-32

Help us?
Click on verse(s) to share them!
2പരീശരിൽ ചിലർ “ശബ്ബത്തിൽ അനുവദിക്കാത്തത് എന്തിനാണ് നിങ്ങൾ ചെയ്തത്?” എന്നു ചോദിച്ചു.
3യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്? അവൻ ദൈവാലയത്തിൽ ചെന്ന്
4പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്ക് കൊടുക്കുകയും ചെയ്തു എന്നുള്ളത് നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
5മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.
6മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
7ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൌഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.
8അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു;
9അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു.
10അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈ സുഖമായി.
11അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽ തമ്മിൽ ആലോചിച്ചു.
12മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്ന്. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു.
13രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
14അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്, ബർത്തൊലൊമായി,
15മത്തായി, തോമസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
16യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നേ.
17അവൻ അവരോട് കൂടെ മലയിൽ നിന്നു താഴെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും, യെഹൂദ്യയിൽ എല്ലായിടത്തുനിന്നും, യെരൂശലേമിൽ നിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും, അവന്റെ വചനം കേൾക്കുവാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.
18അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
19അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
20അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്.
21ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
22മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
23ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ.
24എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ.
25ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
26സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
27എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
29നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കുക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് നിന്റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക.
30നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്ക് അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.
31മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
32നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.

Read ലൂക്കോസ് 6ലൂക്കോസ് 6
Compare ലൂക്കോസ് 6:2-32ലൂക്കോസ് 6:2-32