1യേശു തലപൊക്കി നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ട്.
2ദരിദ്രയായ ഒരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവൻ:
3ഈ ദരിദ്രയായ വിധവ എല്ലാവരേക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
4എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽ നിന്നു തന്റെ ഉപജീവനത്തിന് ഉള്ളത് മുഴുവനും ഇട്ടിരിക്കുന്നു.
5ചിലർ ദൈവാലയത്തെക്കുറിച്ച് അത് മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
6ഈ കാണുന്നത് എല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിഞ്ഞുപോകുന്ന കാലം വരും എന്നു അവൻ പറഞ്ഞു.
7ഗുരോ, അത് എപ്പോൾ സംഭവിക്കും? അത് സംഭവിക്കാറാകുമ്പോഴുള്ള അടയാളം എന്ത് എന്നു അവർ അവനോട് ചോദിച്ചു.
8അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ യേശു ആകുന്നു എന്നും, സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരിൽ വരും; പക്ഷേ അവരെ അനുഗമിക്കരുത്.
9നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടത് തന്നേ; എന്നാൽ അന്ത്യം ഉടനെ സംഭവിക്കുകയില്ല എന്നു പറഞ്ഞു.
10പിന്നെ അവൻ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.
11വലിയ ഭൂകമ്പവും ക്ഷാമവും പകർച്ചവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയപ്പെടുത്തുന്ന കാഴ്ചകളും ആകാശത്തിൽ വലിയ അടയാളങ്ങളും ഉണ്ടാകും.
12എന്നാൽ ഇതു സംഭവിക്കുന്നതിന് മുമ്പെ, എന്റെ നാമം നിമിത്തം അവർ നിങ്ങളെ പിടിച്ച് ബന്ധിയ്ക്കുകയും, രാജാക്കന്മാരുടേയും നാടുവാഴികളുടേയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും, പള്ളികളിലും തടവുകളിലും ഏല്പിക്കുകയും ചെയ്യും.
13അത് നിങ്ങൾക്ക് സാക്ഷ്യം പറയുവാനുള്ള അവസരം ആകും.
14ആകയാൽ എന്ത് ഉത്തരം നൽകും എന്നുള്ളതിനെപ്പറ്റി നേരത്തേ ആലോചിക്കേണ്ട.
15നിങ്ങളെ എതിർക്കുന്നവർക്ക് ആർക്കും ചെറുപ്പാനോ നിഷേധിക്കാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും.
16അമ്മയപ്പന്മാരും സഹോദരന്മാരും ബന്ധുക്കളും കൂട്ടുകാരും നിങ്ങളെ ഏല്പിച്ചുകൊടുക്കുകയും നിങ്ങളിൽ ചിലരെ കൊല്ലിക്കുകയും ചെയ്യും.
17എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.
18നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
19നിങ്ങൾ സഹിഷ്ണതകൊണ്ട് നിങ്ങളുടെ പ്രാണനെ നേടും.
20സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അത് നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ.
21അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ വേഗം പുറത്തേക്ക് പോകട്ടെ; നാട്ടുംപുറങ്ങളിലുള്ളവർ അതിൽ കടക്കരുത്.
22എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്റെ കാലം ആകുന്നു.
23ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ കോപവും ഉണ്ടാകും.
24ചിലരെ അവർ വാളുകൊണ്ടു കൊല്ലുകയും, മറ്റു ചിലരെ അവർ പല രാജ്യങ്ങളിലേക്കും അടിമകളായി കൊണ്ടുപോകുകയും, ജാതികളുടെ കാലം കഴിയുന്നതുവരെ ജാതികൾ യെരൂശലേമിൽ വസിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
25സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടാകും; കടലിന്റെയും തിരമാലകളുടെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്ക് നിരാശയും പരിഭ്രമവും ഉണ്ടാകും.
26ആകാശത്തിന്റെ ശക്തികൾ ഇളകുന്നതിനാൽ ഭൂമിയിൽ എന്ത് സംഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും കാത്തിരുന്നുംകൊണ്ട് മനുഷ്യരുടെ ബോധം നശിച്ചുപോകും.
27അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും.
28ഇതൊക്കെയും സംഭവിക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവർന്നു തല പൊക്കുവിൻ.
29ഒരുപമയും അവരോട് പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
30അവ തളിർക്കുന്നത് നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തു എന്നു നാം അറിയുന്നുവല്ലോ.
31അതുപോലെ ഇതു സംഭവിക്കുന്നത് കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കുവിൻ.
32സകലവും സംഭവിക്കുന്നത് വരെ ഈ തലമുറ മാറിപ്പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
33ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
34നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
35അത് സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും വരും.
36ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിൽ നിന്നും രക്ഷപെടുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് എപ്പോഴും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
37അവൻ എല്ലാ ദിവസവും പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി താമസിക്കും.
38ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്ത് ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.