Text copied!
CopyCompare
മലയാളം ബൈബിള്‍ - ഇയ്യോബ്

ഇയ്യോബ് 39

Help us?
Click on verse(s) to share them!
1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?
2അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്ക് കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3അവ കുനിഞ്ഞ് കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.
4അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.
5കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്? വനഗർദ്ദഭത്തെ കെട്ടഴിച്ചതാര്?
6ഞാൻ മരുഭൂമി അതിന് വീടും ഉവർനിലം അതിന് പാർപ്പിടവുമാക്കി.
7അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.
8മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അത് അന്വേഷിച്ചു നടക്കുന്നു.
9കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ? അത് നിന്റെ പുല്തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?
10കാട്ടുപോത്തിനെ നിനക്ക് കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? അത് നിന്റെ പിന്നാലെ നിലം നിരത്തുമോ?
11അതിന്റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന് ഭരമേല്പിച്ച് കൊടുക്കുമോ?
12അത് നിന്റെ വിത്ത് കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
13ഒട്ടകപ്പക്ഷി ഉല്ലസിച്ച് ചിറക് വീശുന്നു; എങ്കിലും ചിറകും തൂവലും കൊണ്ട് വാത്സല്യം കാണിക്കുമോ?
14അത് നിലത്ത് മുട്ട ഇട്ട ശേഷം പോകുന്നു; അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.
15കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.
16അത് തന്റെ കുഞ്ഞുങ്ങളോട് തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്ന് ഭയപ്പെടുന്നില്ല.
17ദൈവം അതിന് ജ്ഞാനമില്ലാതാക്കി വിവേകം അതിന് നല്കിയിട്ടും ഇല്ല.
18അത് ചിറകടിച്ച് പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.

19കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?
20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിർക്കുന്നു.
22അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോട് പിൻവാങ്ങുന്നതുമില്ല.
23അതിന് എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.
25കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്ന് ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്ന് മണക്കുന്നു.
26നിന്റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും ചിറകു തെക്കോട്ട് വിടർക്കുകയും ചെയ്യുന്നതു?
27നിന്റെ കല്പനയ്ക്കോ കഴുകൻ മേലോട്ട് പറക്കുകയും ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?
28അത് പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.
29അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
30അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.”