Text copied!
CopyCompare
മലയാളം ബൈബിള്‍ - ഇയ്യോബ്

ഇയ്യോബ് 26

Help us?
Click on verse(s) to share them!
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?
3ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;
5വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു.
6പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
7ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.
8അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.
9അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
10അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.
11ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.
12അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.
13അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.
14എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?