Text copied!
CopyCompare
മലയാളം ബൈബിള്‍ - ഇയ്യോബ്

ഇയ്യോബ് 7

Help us?
Click on verse(s) to share them!
1മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നെ.
2വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും
3വ്യൎത്ഥമാസങ്ങൾ എനിയ്ക്ക് അവകാശമായി വന്നു, കഷ്ടരാത്രികൾ എനിയ്ക്ക് ഓഹരിയായിത്തീർന്നു.
4കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.
5എന്റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു.
6എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
7എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
8എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല; യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.
10അവൻ തന്റെ വീട്ടിലേക്ക് മടങ്ങിവരുകയില്ല; അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.
11ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
12യഹോവ എനിക്ക് കാവലാക്കേണ്ടതിന് ഞാൻ കടലോ കടലാനയോ ആകുന്നുവോ?
13എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്ന് ഞാൻ പറഞ്ഞാൽ
14യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
16ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17മർത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്റെമേൽ ദൃഷ്ടിവയ്ക്കേണ്ടതിനും
18അവനെ രാവിലെതോറും സന്ദർശിച്ച് നിമിഷം തോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?

19നീ എത്രത്തോളം നിന്റെ നോട്ടം എന്നിൽ നിന്ന് മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും?
20ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്ത് ചെയ്യുന്നു? ഞാൻ എനിയ്ക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്ക് ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?
21എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”