Text copied!
CopyCompare
മലയാളം ബൈബിള്‍ - ഇയ്യോബ്

ഇയ്യോബ് 36

Help us?
Click on verse(s) to share them!
1എലീഹൂ പിന്നെയും പറഞ്ഞത്:
2“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.
3ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും.
4എന്റെ വാക്ക് കള്ളമല്ല നിശ്ചയം; അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
5ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല; അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.
6അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.
7അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ
9അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും.
10അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.
11അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
13ദുഷ്ടന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി നിലവിളിക്കുന്നില്ല.
14അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു; അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.
15അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു; അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.
16നിന്നെയും അവിടുന്ന് കഷ്ടതയുടെ വായിൽ നിന്ന് ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.
17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്ത് നീ തെറ്റിപ്പോകുകയുമരുത്.

19കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?
20ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച് മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.
21സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്; കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക.
22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?
23ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്? അവിടുന്ന് നീതികേട് ചെയ്തു എന്ന് അവിടുത്തോട് ആർക്ക് പറയാം?
24അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക; അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.
25മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു; ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്.
27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.
28മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു; സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.
31ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
32അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33അതിന്റെ മുഴക്കം അവിടുത്തെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.