Text copied!
CopyCompare
മലയാളം ബൈബിള്‍ - യോശുവ

യോശുവ 3

Help us?
Click on verse(s) to share them!
1യോശുവ അതികാലത്ത് എഴുന്നേറ്റ്,യിസ്രായേൽമക്കൾ എല്ലാവരുമായി ശിത്തീമിൽനിന്ന് പുറപ്പെട്ട് യോർദ്ദാന്നരികെ വന്ന് മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
2മൂന്നു ദിവസം കഴിഞ്ഞിട്ട് പ്രമാണികൾ പാളയത്തിൽകൂടി നടന്ന് ജനത്തോട് കല്പിച്ചതെന്തെന്നാൽ:
3“നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകവും അത് ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങൾ പുറപ്പെട്ട് അതിന്റെ പിന്നാലെ ചെല്ലേണം.
4എന്നാൽ നിങ്ങൾക്കും പെട്ടകത്തിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്.നിങ്ങൾ പോകേണ്ട വഴി അറിയേണ്ടതിന് അത് നിങ്ങളെ നയിക്കും; ഈ വഴിക്ക് നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.
5പിന്നെ യോശുവ ജനത്തോട്: “നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും“ എന്ന് പറഞ്ഞു.
6പുരോഹിതന്മാരോട് യോശുവ: “നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടപ്പീൻ“ എന്ന് പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടന്നു.
7പിന്നെ യഹോവ യോശുവയോട് പറഞ്ഞത്: “ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.“
8“നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക“ എന്നും അരുളിച്ചെയ്തു.
9യോശുവ യിസ്രായേൽമക്കളോട്: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ“ എന്ന് പറഞ്ഞു.
10യോശുവ പറഞ്ഞതെന്തെന്നാൽ: “ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങൾ ഇതിനാൽ അറിയും.
11ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്ക് കടക്കുന്നു.
12ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടു പേരെ തെരഞ്ഞെടുക്കുവീൻ
13സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞ് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.“
14അങ്ങനെ ജനം യോർദ്ദാൻ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്ന് പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന് മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു.
15കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്ക് നിന്നു;
16സാരെഥാന് സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്ക് വെള്ളം വാർന്നുപോയി; ജനം യെരീഹോവിന് സമീപം മറുകര കടന്നു.
17യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു.