Text copied!
CopyCompare
മലയാളം ബൈബിള്‍ - യോശുവ

യോശുവ 22

Help us?
Click on verse(s) to share them!
1പിന്നീട് യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
2അവരോട് പറഞ്ഞത്: “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോട് കല്പിച്ച സകലത്തിലും എന്റെ വാക്ക് അനുസരിക്കയും ചെയ്തിരിക്കുന്നു.
3നിങ്ങൾ ഈ കാലമെല്ലാം നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
4ഇപ്പോൾ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്ക് താൻ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ യഹോവയുടെ ദാസനായ മോശെ യോർദ്ദാനക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പൊയ്ക്കൊൾവിൻ.
5നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്ന് അവന്റെ കല്പനകൾ പ്രമാണിക്കയും അവനോട് പറ്റിച്ചേർന്ന് പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവനെ സേവിക്കയും ചെയ്യേണമെന്ന് യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചിട്ടുണ്ടല്ലോ? ആ കല്പനകളും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ.“
6ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ച് യാത്ര അയച്ചു. അവർ തങ്ങളുടെ ഭവനങ്ങളിലേക്ക് പോകയും ചെയ്തു.
7മനശ്ശെയുടെ പാതിഗോത്രത്തിന് മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന് യോർദ്ദാന്നിക്കരെ പടിഞ്ഞാറ്, അവരുടെ സഹോദരന്മാരുടെ ഇടയിൽ, യോശുവ അവകാശം കൊടുത്തു; അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു.
8യോശുവ അവരോട് പറഞ്ഞത്: “നാല്ക്കാലികൾ, വെള്ളി, പൊന്ന്, ചെമ്പ്, ഇരിമ്പ്, വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടുകൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകയും ശത്രുക്കളുടെ പക്കൽനിന്ന് കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിടുകയും ചെയ്‌വിൻ.“
9അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന ഗിലെയാദ്‌ദേശത്തേക്ക് മടങ്ങിപ്പോകേണ്ടതിന് കനാൻദേശത്തിലെ ശീലോവിൽനിന്ന് യിസ്രായേൽ ജനത്തെ വിട്ട് പുറപ്പെട്ടു.
10കനാൻദേശത്തിലെ യോർദ്ദാൻപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന് സമീപത്ത്, കാഴ്ച്ചക്ക് വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.
11അവർ കനാൻദേശത്തിന്റെ കിഴക്ക് യോർദ്ദാൻപ്രദേശങ്ങളിൽ തങ്ങൾക്കെതിരെ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്ന് യിസ്രായേൽമക്കൾ കേട്ടു.
12അപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോട് യുദ്ധത്തിന് പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.
13യിസ്രായേൽമക്കൾ ഗിലെയാദ്‌ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ
14ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ മറ്റുഗോത്രങ്ങളിൽനിന്നും ഓരോ ഗോത്രത്തിന് ഓരോ പ്രഭുവീതം പത്ത് പ്രഭുക്കന്മാരേയും അയച്ചു; അവർ ഓരോരുത്തനും യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായിരുന്നു.
15അവർ ഗിലെയാദ്‌ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോട് പറഞ്ഞതെന്തെന്നാൽ:
16“യിസ്രായേൽ മുഴുവനും ഇപ്രകാരം ചോദിക്കുന്നു: ‘നിങ്ങൾ യഹോവയോട് മത്സരിച്ച് ഒരു യാഗപീഠം പണിത് യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം യിസ്രായേലിന്റെ ദൈവത്തോട് ദ്രോഹം ചെയ്തതെന്ത്?
17പെയോരിൽ വച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം യഹോവ ഒരു മഹാമാരി അയച്ചിട്ടും നാം ഇന്നുവരെ ആ പാപം നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ?
18നിങ്ങൾ ഇന്ന് യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്ന് യഹോവയോട് മത്സരിക്കുന്നു; നാളെ അവൻ എല്ലാ യിസ്രായേലിനോടും കോപിപ്പാൻ സംഗതിയാകും.

19നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്ന യഹോവയുടെ അവകാശദേശത്തേക്ക് വന്ന് ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവീൻ; നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ മറ്റൊരു യാഗപീഠം പണിത് യഹോവയോടും ഞങ്ങളോടും മത്സരിക്കരുത്.
20സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് കുറ്റം ചെയ്കയാൽ ദൈവകോപം എല്ലാ യിസ്രായേലിന്റെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്?“
21അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്:
22“സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ ഈ കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നു; യിസ്രായേലും അത് അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ അത് ചെയ്തു എങ്കിൽ നിന്റെ സംരക്ഷണം ഞങ്ങൾക്കില്ലാതെ പോകട്ടെ.
23യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നെ ചോദിച്ചുകൊള്ളട്ടെ.
24നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: ‘യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യമുള്ളൂ?
25ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല ‘എന്ന് പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്.
26അതുകൊണ്ട് ‘നാം ഹോമയാഗത്തിനോ ഹനനയാഗത്തിനോ അല്ലാതെ ഒരു യാഗപീഠം പണിയുക ‘എന്ന് ഞങ്ങൾ പറഞ്ഞു.
27ഞങ്ങൾ യഹോവയുടെ സമാഗമന കൂടാരത്തിൽ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: ‘നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല ‘എന്ന് പറയാതിരിക്കയും ചെയ്യേണ്ടതിനും, ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
28അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: ‘നാളെ അവർ നമ്മോടോ, നമ്മുടെ സന്തതികളോടോ, അങ്ങനെ പറയുമ്പോൾ: ‘ഹോമയാഗത്തിനല്ല, മറ്റൊരു യാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന് തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മീൻ ‘എന്ന് മറുപടി പറവാൻ ഇടയാകും.
29നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കി യഹോവയോട് മത്സരിക്കയും യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്ക് ഒരിക്കലും ഇടയാകയില്ല.“
30രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായവരും കേട്ടപ്പോൾ അവർക്ക് സന്തോഷമായി.
31പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരോട്: ‘നിങ്ങൾ യഹോവയോട് ഈ കാര്യത്തിൽ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മദ്ധ്യേ ഉണ്ട് എന്ന് ഞങ്ങൾ അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കോപത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു ‘എന്ന് പറഞ്ഞു.
32പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദ്‌ദേശത്തു നിന്ന് കനാൻദേശത്തേക്ക് മടങ്ങിച്ചെന്ന് യിസ്രായേൽ ജനത്തോട് വസ്തുത അറിയിച്ചു.
33യിസ്രായേൽമക്കൾക്ക് ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിന് പുറപ്പെടുന്നതിനെക്കുറിച്ച് പിന്നെ സംസാരിച്ചതേയില്ല.
34രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്ന് പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്ന് പേരിട്ടു.