Text copied!
CopyCompare
മലയാളം ബൈബിള്‍ - യോശുവ

യോശുവ 14

Help us?
Click on verse(s) to share them!
1കനാൻദേശത്ത് യിസ്രായേൽമക്കൾക്ക് അവകാശമായി ലഭിച്ച ഭൂപ്രദേശങ്ങൾ പുരോഹിതനായ എലെയാസാരും നൂനിന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും അവർക്ക് വിഭാഗിച്ചുകൊടുത്തു.
2യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം വിഭാഗിച്ചുകൊടുത്തത്.
3രണ്ടര ഗോത്രങ്ങൾക്ക് മോശെ യോർദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യർക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.
4യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങൾ ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
5യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ദേശം വിഭാഗിച്ചു.
6അനന്തരം യെഹൂദാ ഗോത്രക്കാർ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞത്: യഹോവ നമ്മെക്കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്ബർന്നേയയിൽവെച്ച് പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
7യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ മടങ്ങിവന്ന് എന്റെ മനോബോധപ്രകാരം ദേശത്തെപ്പറ്റിയുള്ള വിവരണം നൽകി.
8എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഭയം കൊണ്ട് ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നു.
9ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്ന് മോശെ അന്ന് സത്യംചെയ്ത് പറഞ്ഞിരുന്നു.
10യിസ്രായേൽ മരുഭൂമിയിൽ സഞ്ചരിച്ച നാല്പത്തഞ്ച് സംവത്സരങ്ങൾ ഇതാ യഹോവ, താൻ അരുളിച്ചെയ്തിരുന്നതു പോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ച് വയസ്സായി.
11മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് പടവെട്ടുവാനും യാത്ര ചെയ്യാനും ആരോഗ്യം ഉണ്ട്.
12ആകയാൽ യഹോവ അന്ന് എനിക്ക് വാഗ്ദത്തം ചെയ്ത ഈ ഹെബ്രോൻ മല എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.
13അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
14അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
15ഹെബ്രോന് പണ്ട് കിര്യത്ത്-അർബ്ബാ എന്ന് പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം വന്നു.