Text copied!
CopyCompare
മലയാളം ബൈബിള്‍ - പുറപ്പാട്

പുറപ്പാട് 19

Help us?
Click on verse(s) to share them!
1യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി.
2അവർ രെഫീദീമിൽനിന്ന് യാത്ര തിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി.
3മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽമക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്:
4“ഞാൻ ഈജിപ്റ്റുകാരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.
5അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ.
6നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.”
7മോശെ വന്ന് ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു.
8“യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയെ അറിയിച്ചു.
9യഹോവ മോശെയോട്: “ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന് അരുളിച്ചെയ്തു, ജനത്തിന്റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു.
10യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക;
11അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വതത്തിൽ ഇറങ്ങും.
12ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അതിരിൽ തൊടാതെയും സൂക്ഷിക്കണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര് തിരിക്കണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.
13ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ. ”
14മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.
15അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു.
16മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി.
17ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു.
18യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

19കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.
20യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു.
21യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക.
22യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ.”
23മോശെ യഹോവയോട്: “ജനത്തിന് സീനായിപർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര് തിരിച്ച് അതിനെ ശുദ്ധമാക്കുക എന്ന് ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
24യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിര് കടക്കരുത്.
25അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.