Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. ശമൂവേൽ

1. ശമൂവേൽ 26

Help us?
Click on verse(s) to share them!
1അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു; “ദാവീദ് മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
2ശൗൽ എഴുന്നേറ്റ് ദാവീദിനെ തെരയുവാൻ സീഫ് മരുഭൂമിയിലേയ്ക്കു് ചെന്നു; യിസ്രായേലിൽനിന്നു തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
3ശൗൽ മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ വഴിയരികെ പാളയം ഇറങ്ങി. ദാവീദ് മരുഭൂമിയിൽ താമസിച്ചു. ശൗൽ തന്നെ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു മനസ്സിലായി
4അതുകൊണ്ട് ദാവീദ് ചാരന്മാരെ അയച്ച് ശൗൽ വന്നിരിക്കുന്നു എന്നു അറിഞ്ഞു.
5ദാവീദ് എഴുന്നേറ്റ് ശൗൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്ത് ചെന്നു; ശൗലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
6ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും, സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുക്കലേക്ക് ആര് എന്നോടുകൂടെ പോരും” എന്നു ചോദിച്ചു. “ഞാൻ നിന്നോടുകൂടെ വരാം” എന്ന് അബീശായി പറഞ്ഞു.
7ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയുടെ അരികിൽ നിലത്ത് കുത്തി നിറുത്തിയിരുന്നു; അബ്നേരും പടജ്ജനവും അവന് ചുറ്റും കിടന്നിരുന്നു.
8അബീശായി ദാവീദിനോട്: “ദൈവം നിന്റെ ശത്രുവിനെ ഇന്ന് നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തം കൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല ” എന്നു പറഞ്ഞു.
9ദാവീദ് അബീശായിയോട്: “അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചാൽ ആരും ശിക്ഷ അനുഭവിക്കാതെപോകയില്ല” എന്നു പറഞ്ഞു.
10“യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കുചെന്ന് നശിക്കും;
11ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു.
12ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്റെ തലയുടെ അടുക്കൽ നിന്ന് എടുത്ത് അവർ പോകുകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
13ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്കു മദ്ധ്യേ ആവശ്യത്തിന് അകലമുണ്ടായിരുന്നു.
14ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: “അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ” എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: “രാജസന്നിധിയിൽ കൂകുന്ന നീ ആര്” എന്ന് അങ്ങോട്ട് ചോദിച്ചു.
15ദാവീദ് അബ്നേരിനോട് : “നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്ക് തുല്യൻ ആരുണ്ട്? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നത് എന്ത്? നിന്റെ യജമാനനായ രാജാവിനെ നശിപ്പിക്കുവാൻ ജനത്തിൽ ഒരുവൻ അവിടെ വന്നിരുന്നുവല്ലോ.
16നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരുന്നതിനാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലയുടെ അടുക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്ന് നോക്കുക.”
17അപ്പോൾ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: “എന്റെ മകനെ, ദാവീദേ, ഇത് നിന്റെ ശബ്ദമോ ” എന്നു ചോദിച്ചതിന് ദാവീദ് “എന്റെ ശബ്ദം തന്നെ, യജമാനനായ രാജാവേ” എന്നു പറഞ്ഞു.
18“യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്ത് ചെയ്തു? അടിയന്റെ പക്കൽ എന്ത് ദോഷമാണുള്ളത്?

19അതുകൊണ്ട് യജമാനനായ രാജാവ് അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന് എതിരായി വിട്ടിരിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാട് സ്വീകരിച്ച് പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ.യഹോവയുടെ അവകാശത്തിൽ എനിക്ക് പങ്കില്ലാതാകത്തക്കവിധം നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു അവർ എന്നെ ഇന്ന് പുറത്ത് തള്ളിയിരിക്കുന്നു.
20എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്ത് വീഴരുതേ; ഒരുവൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവ് ഒരു ഒറ്റ ചെള്ളിനെ തെരഞ്ഞ് പുറപ്പെട്ടിരിക്കുന്നു” എന്നും അവൻ പറഞ്ഞു.
21അതിന് ശൗൽ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്ക് വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്ക് ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
22ദാവീദ് ഉത്തരം പറഞ്ഞത്: “രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുവൻ വന്ന് കൊണ്ടുപോകട്ടെ.
23യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതെക്കും തക്കവിധം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്ക് മനസ്സായില്ല.
24എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്ക് വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്ക് വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ”.
25അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്ക് പോയി; ശൗലും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.