1അതിനുശേഷം യഹോവ ശമൂവേലിനോട്: “യിസ്രായേലിന്റെ രാജസ്ഥാനത്ത് നിന്ന് ഞാൻ ശൗലിനെ മാറ്റി എന്നറിഞ്ഞ് നീ അവനെക്കുറിച്ച് എത്ര കാലം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ച് പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഒരാളെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
2അതിന് ശമൂവേൽ : “ഞാൻ എങ്ങനെ പോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറയുക.
3യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്ന് ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.”
4യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ത്ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിൽ വിറച്ചുകൊണ്ട് “നിന്റെ വരവ് ശുഭം തന്നേയോ? ” എന്നു ചോദിച്ചു.
5അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ ” എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു.
6അവർ വന്നപ്പോൾ ശമുവേൽ എലീയാബിനെ കണ്ടിട്ട് : “യഹോവയുടെ അഭിഷിക്തൻ അവന്റെ മുമ്പാകെ ഇതാ നിൽക്കുന്നു ” എന്നു പറഞ്ഞു.
7യഹോവ ശമൂവേലിനോട്: “അവന്റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു ” എന്ന് അരുളിച്ചെയ്തു.
8പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; അപ്പോൾ ശമുവേൽ: “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
9പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. “ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല” എന്ന് അവൻ പറഞ്ഞു.
10അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: “യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
11“നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നോ?” എന്ന് ശമൂവേൽ ചോദിച്ചു. അതിന് അവൻ: “ഇനിയും ഏറ്റവും ഇളയ പുത്രൻ ഉണ്ട്; അവൻ ആടുകളെ മേയ്ക്കയാകുന്നു” എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: അവനെ ആളയച്ച് വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു.
12ഉടനെ അവർ അവനെ ആളയച്ച് വരുത്തി; “എന്നാൽ അവൻ പവിഴനിറമുള്ളവനും, സുന്ദരമായകണ്ണുകൾ ഉള്ളവനും, കോമളരൂപം ഉള്ളവനും ആയിരുന്നു. അപ്പോൾ യഹോവ അരുളിചെയ്തു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തെരഞ്ഞെടുത്തവൻ ഇവൻ തന്നെ ആകുന്നു” എന്നു കല്പിച്ചു.
13അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി.
14എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.
15അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ”.
16“അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് വായിക്കയും തിരുമേനിക്ക് ഭേദം വരികയും ചെയ്യും” എന്നു പറഞ്ഞു.
17ശൗൽ തന്റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
18ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട് ” എന്നു പറഞ്ഞു.
19അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു.
20യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദിന്റെ കൈവശം ശൗലിന് കൊടുത്തയച്ചു.
21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; ശൗലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു.
22അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
23ദൈവത്തിന്റെ അടുക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.