1അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്ന് കണ്ടപ്പോൾ എഴുന്നേറ്റ് രാജകുമാരന്മാരെ ഒക്കെയും നശിപ്പിച്ചു.
2എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല.
3അഥല്യാ വാഴ്ച നടത്തിയ ആറു സംവൽസരം അവനെ ധാത്രിയോടുകൂടെ യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു.
4ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് അംഗരക്ഷകരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ട് യഹോവയുടെ ആലയത്തിൽവെച്ച് സത്യം ചെയ്യിച്ചിട്ട് രാജകുമാരനെ അവരെ കാണിച്ച് അവരോട് കല്പിച്ചത് എന്തെന്നാൽ:
5“നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാകുന്നു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
6മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിന്നിലുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ രാജധാനിക്ക് കിടങ്ങുപോലെ കാവലായിരിക്കേണം.
7ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടം രാജാവിനു വേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം.
8നിങ്ങൾ എല്ലാവരും അവരവരുടെ ആയുധം ധരിച്ച് രാജാവിന്റെ ചുറ്റും നില്ക്കേണം; സംരക്ഷണവലയത്തിനകത്ത് കടക്കുന്നവനെ കൊന്നുകളയേണം; രാജാവ് പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.” യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ശതാധിപന്മാർ ചെയ്തു;
9അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.
10പുരോഹിതൻ ദാവീദ് രാജാവിന്റെ വക യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
11അകമ്പടികൾ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിന്നു.
12പുരോഹിതൻ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകം അവന് കൊടുത്തു; അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി, “രാജാവേ, ജയജയ” എന്ന് ആർത്തു.
13അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
14ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ച് കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം” എന്ന് പറഞ്ഞു.
15അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്ക് കല്പന കൊടുത്തു: “അവളെ അണികളിൽകൂടി പുറത്ത് കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ട് കൊല്ലുവിൻ” എന്ന് അവരോട് പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.
16അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ച് കൊന്നുകളഞ്ഞു.
17അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്ന്, യെഹോയാദാ രാജാവിനും ജനത്തിനും വേണ്ടി ഉടമ്പടി ചെയ്തു. രാജാവും പ്രജകളും തമ്മിലും നിയമം ചെയ്തു.
18പിന്നെ ദേശത്തെ ജനമെല്ലാം ബാൽക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് ബാലിന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെ നിയമിച്ചു.
19അവൻ അംഗരക്ഷകരുടെയും, അകമ്പടികളുടെയും ശതാധിപന്മാരെയും, ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവന്ന് അകമ്പടികളുടെ പടിവാതിൽവഴി രാജധാനിയിലേക്ക് കൂട്ടിക്കൊണ്ടു പോയി; അവൻ സിംഹാസനത്തിൽ ഇരുന്നു.
20ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ച് വാൾകൊണ്ടു കൊന്നുകളഞ്ഞിരുന്നു.
21യെഹോവാശ് രാജാവായപ്പോൾ അവന് ഏഴ് വയസ്സായിരുന്നു.