Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. രാജാക്കന്മാർ

2. രാജാക്കന്മാർ 19

Help us?
Click on verse(s) to share them!
1ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് യഹോവയുടെ ആലയത്തിൽ ചെന്നു.
2പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
3അവർ പ്രവാചകനോട് ഹിസ്കീയാവിന്റെ സന്ദേശം ഇപ്രകാരം അറിയിച്ചു: “ഇത് കഷ്ടവും ശാസനയും ദൈവനിന്ദയും ഉള്ള ദിവസം അത്രെ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; എന്നാൽ പ്രസവിപ്പാനോ ശക്തിയില്ല.
4ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ച് പറയിക്കുന്ന വാക്കുകൾ നിന്റെ ദൈവമായ യഹോവ ഒരുപക്ഷെ കേൾക്കും; യഹോവ ഈ നിന്ദാവാക്കുകൾക്ക് പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.”
5ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോട് പറഞ്ഞത്:
6“നിങ്ങൾ നിങ്ങളുടെ യജമാനനോട് യഹോവയുടെ അരുളപ്പാടായി പറയേണ്ടതെന്തെന്നാൽ: ‘അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച് പറഞ്ഞതും നീ കേട്ടതുമായ വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ.
7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ച് വാൾകൊണ്ട് വീഴുമാറാക്കും.”
8റബ്-ശാക്കേ മടങ്ങിച്ചെന്നപ്പോൾ അശ്ശൂർരാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നത് കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.
9കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്ന് കേട്ട് അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചതെന്തെന്നാൽ:
10“നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവിനോട് പറയേണ്ടത്: ‘യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്ന് പറഞ്ഞ് നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.
11അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവെക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ മാത്രം രക്ഷപെടുമോ?
12ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?
13ഹമാത്ത്‌ രാജാവും, അർപ്പാദ്‌ രാജാവും, സെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നിവക്ക് രാജാവായിരുന്നവനും എവിടെ?”
14ഹിസ്കീയാവ് ദൂതന്മാരുടെ കയ്യിൽനിന്ന് എഴുത്ത് വാങ്ങി വായിച്ചു; അവൻ യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അത് തുറന്നുവച്ചു.
15ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞത് എന്തെന്നാൽ: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
16യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്ക് കേൾക്കേണമേ.
17യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയത് സത്യം തന്നേ.
18അവരുടെ ദേവന്മാരെ അവർ തീയിലിട്ട് ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.

19ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്ന് ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്റെ കയ്യിൽനിന്ന് രക്ഷിക്കേണമേ.”
20ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർരാജാവായ സൻഹേരീബിന്റെ നിമിത്തം എന്നോട് പ്രാർത്ഥിച്ചത് ഞാൻ കേട്ടു.
21അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: ‘സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ച് പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ പരിഹാസത്തോടെ തല കുലുക്കുന്നു.
22നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഉച്ചത്തിൽ സംസാരിക്കയും അഹന്തയോടെ തല ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധന് വിരോധമായിട്ട് തന്നെയല്ലോ.
23നിന്റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: ‘എന്റെ അസംഖ്യം രഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അതിർത്തിയിലെ പാർപ്പിടംവരെയും തഴച്ചുവളരുന്ന കാടുവരെയും ഞാൻ കടന്നുചെല്ലും.
24ഞാൻ അന്യജലം കുഴിച്ചെടുത്ത് കുടിക്കും. എന്റെ കാലടികളാൽ ഈജിപ്റ്റിലെ സകലനദികളെയും വറ്റിക്കും’ എന്ന് പറഞ്ഞു.
25ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്ന് നീ കേട്ടിട്ടില്ലയോ? ഉറപ്പുള്ള പട്ടണങ്ങളെ നീ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
26അതുകൊണ്ട് അവയിലെ നിവാസികൾ ബലഹീനരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും, പച്ചച്ചെടിയും, പുരപ്പുറത്തു വളരുന്ന പുല്ലും, വളർച്ചയെത്തുന്നതിന് മുമ്പ് കരിഞ്ഞുപോയ ധാന്യവും പോലെ ആയി.
27എന്നാൽ നിന്റെ ഇരിപ്പും, നിന്റെ ഗമനവും ആഗമനവും, എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.
28എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും എന്റെ ചെവിയിൽ എത്തിയിരിക്കുന്ന അഹങ്കാരവാക്കുകൾ കൊണ്ടും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ട്, നീ വന്ന വഴിക്ക് തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.
29എന്നാൽ ഇത് നിനക്ക് അടയാളം ആകും; നിങ്ങൾ ഈ ആണ്ടിലും രണ്ടാം ആണ്ടിലും തനിയെ കിളിർത്ത് വിളയുന്ന ധാന്യം ഭക്ഷിക്കും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ച് കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ ഫലം തിന്നുകയും ചെയ്യും.
30യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും.
31ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത ഈ കാര്യം നിവർത്തിക്കും.”
32അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്ക് വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന് എതിരെ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയുമില്ല.
33അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
34എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പരിപാലിച്ച് രക്ഷിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
35അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തി എൺപത്തി അയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.
36അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു. അവൻ മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.

37അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ട് കൊന്നിട്ട് അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന് പകരം രാജാവായി.