Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. രാജാക്കന്മാർ

2. രാജാക്കന്മാർ 10

Help us?
Click on verse(s) to share them!
1ആഹാബിന് ശമര്യയിൽ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രന്മാരെ വളർത്തിയവർക്കും ശമര്യയിലേക്ക് എഴുത്തുകൾ എഴുതി അയച്ചത് എന്തെന്നാൽ:
2“നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
3ആകയാൽ ഈ എഴുത്ത് നിങ്ങളുടെ അടുക്കൽ എത്തിയാൽ ഉടൻ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ കണ്ടെത്തി അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്യുവിൻ.”
4അവരോ ഏറ്റവും ഭയപ്പെട്ടു: “രണ്ടു രാജാക്കന്മാർക്ക് അവനോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും?” എന്ന് പറഞ്ഞു.
5ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രന്മാരെ വളർത്തിയവരും യേഹൂവിന്റെ അടുക്കൽ ആളയച്ച്: “ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക എന്ന് പറയിച്ചു. അവൻ രണ്ടാമതും എഴുത്ത് എഴുതി: “നിങ്ങൾ എന്റെ പക്ഷം ചേർന്ന് എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്ത് യിസ്രായേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ.”
6എന്നാൽ രാജകുമാരന്മാർ എഴുപത് പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
7ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും കൊന്ന് അവരുടെ തല കൊട്ടയിൽ ആക്കി യിസ്രായേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
8ഒരു ദൂതൻ വന്ന് അവനോട്: “അവർ രാജകുമാരന്മാരുടെ തല കൊണ്ടുവന്നിരിക്കുന്നു” എന്ന് അറിയിച്ചു. “അവയെ പടിപ്പുരവാതില്ക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വച്ചേക്കുവിൻ” എന്ന് അവൻ കല്പിച്ചു.
9പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്ന് സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നത് ആർ?
10ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ച് അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുകയില്ല എന്ന് അറിഞ്ഞുകൊള്ളുവിൻ; യഹോവ തന്റെ ദാസനായ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നുവല്ലോ.”
11അങ്ങനെ യേഹൂ യിസ്രയേലിൽ, ആഹാബ് ഗൃഹത്തിൽ, ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമന്ത്രിമാരേയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതെവണ്ണം സംഹരിച്ചുകളഞ്ഞു.
12പിന്നെ അവൻ ശമര്യയിൽ ചെന്ന് വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീടിനരികെ എത്തിയപ്പോൾ യേഹൂ
13യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: “നിങ്ങൾ ആർ” എന്ന് ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെയും രാജ്ഞിയുടെയും മക്കളെ വന്ദനം ചെയ്യുവാൻ പോകുകയാകുന്നു” എന്ന് അവർ പറഞ്ഞു.
14അപ്പോൾ അവൻ: “അവരെ ജീവനോടെ പിടിക്കുവിൻ” എന്ന് കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീടിന്റെ കളത്തിൽവച്ച് കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
15അവൻ അവിടെനിന്ന് പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ട് വന്ദനം ചെയ്ത് അവനോട്: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ?” എന്ന് ചോദിച്ചു. അതിന് യോനാദാബ്: “അതെ” എന്ന് പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
16“നീ എന്നോടുകൂടെ വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള ശുഷ്കാന്തി കാണുക” എന്ന് അവൻ പറഞ്ഞു. അങ്ങനെ അവനെ രഥത്തിൽ കയറ്റി; അവർ ഓടിച്ചുപോയി.
17ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ എല്ലാം യഹോവ ഏലീയാവിനോട് അരുളിച്ചെയ്ത വചനപ്രകാരം സംഹരിച്ചുകളഞ്ഞു.
18പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോട്: “ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.” എന്ന് പറഞ്ഞു
19“ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലദാസന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുത്; ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല” എന്ന് കല്പിച്ചു; എന്നാൽ ബാലിന്റെ ആരാധനക്കാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
20“ബാലിന് ഒരു വിശുദ്ധസഭായോഗം വിളംബരം ചെയ്യുവീൻ” എന്ന് യേഹൂ കല്പിച്ചു. അവർ അങ്ങനെ വിളംബരം ചെയ്തു.
21യേഹൂ യിസ്രായേൽ ദേശത്ത് എല്ലായിടത്തും ആളയച്ചതുകൊണ്ട് ബാലിന്റെ സകല ആരാധകരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങി നിറഞ്ഞു.
22അവൻ വസ്ത്രം സൂക്ഷിക്കുന്നവനോട്: “ബാലിന്റെ സകല ആരാധനക്കാർക്കും വസ്ത്രം കൊണ്ടുവന്ന് കൊടുക്ക” എന്ന് കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു.
23പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്ന് ബാലിന്റെ ആരാധനക്കാരോട്: “ബാലിന്റെ ആരാധനക്കാർ അല്ലാതെ യഹോവയുടെ ആരാധനക്കാർ ആരും ഇവിടെ ഇല്ല എന്ന് ഉറപ്പാക്കുവീൻ” എന്ന് കല്പിച്ചു.
24അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിക്കുവാൻ അകത്ത് ചെന്നശേഷം യേഹൂ പുറത്ത് എൺപതുപേരെ നിർത്തി: “ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുവൻ രക്ഷപെട്ടാൽ നിങ്ങളുടെ ജീവൻ അവന്റെ ജീവന് പകരമായിരിക്കും” എന്ന് കല്പിച്ചു.
25ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ കാവൽക്കാരോടും പടനായകന്മാരോടും: “അകത്ത് കടന്ന് അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്ത് പോകരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; കാവൽക്കാരും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്ന്
26ബാൽക്ഷേത്രത്തിലെ വിഗ്രഹസ്തംഭങ്ങൾ പുറത്ത് കൊണ്ടുവന്ന് ചുട്ടുകളഞ്ഞു.
27അവർ ബാൽസ്തംഭത്തെ തകർത്ത് ബാൽക്ഷേത്രം ഇടിച്ച് അതിനെ വിസർജനസ്ഥലമാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
28ഇങ്ങനെ യേഹൂ യിസ്രായേലിൽനിന്ന് ബാലിനെ നശിപ്പിച്ചുകളഞ്ഞു.
29എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ യേഹൂ വിട്ടുമാറിയില്ല.
30യഹോവ യേഹൂവിനോട്: “എനിക്ക് ഇഷ്ടമുള്ളത് നീ നന്നായി ചെയ്തതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബ് ഗൃഹത്തോട് ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും” എന്ന് അരുളിച്ചെയ്തു.
31എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടുകൂടി നടക്കുന്നതിന് ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
32ആ കാലത്ത് യഹോവ യിസ്രായേൽ രാജ്യത്തിന്റെ ചില ഭാഗങ്ങൾ മുറിച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളില്ലായിടവും അവരെ തോല്പിച്ചു.
33അവൻ യോർദ്ദാന് കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി; അർന്നോൻതോട്ടിനരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
34യേഹൂവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
35യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന് പകരം രാജാവായി.
36യേഹൂ ശമര്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ട് സംവത്സരം ആയിരുന്നു.