Text copied!
CopyCompare
മലയാളം ബൈബിള്‍ - യോശുവ - യോശുവ 9

യോശുവ 9:8-24

Help us?
Click on verse(s) to share them!
8അവർ യോശുവയോട്: “ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു“ എന്ന് പറഞ്ഞു. അപ്പോൾ യോശുവ അവരോട്: “നിങ്ങൾ ആർ? എവിടെനിന്ന് വരുന്നു?“ എന്ന് ചോദിച്ചു.
9അവർ അവനോട് പറഞ്ഞത്: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്ന് വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ ഈജിപ്റ്റിൽ ചെയ്തതൊക്കെയും
10ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ട് രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.
11അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ട്,ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടിചെയ്യേണം.
12ഞങ്ങൾ പുറപ്പെട്ട നാളിൽ ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.
13ഞങ്ങൾ വീഞ്ഞു നിറെച്ച് കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായിരിക്കുന്നു.
14അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോട് ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങളിൽ ചിലത് വാങ്ങി.
15യോശുവ അവരോട് സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോട് സത്യംചെയ്തു.
16ഉടമ്പടി ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥർ എന്നും തങ്ങളുടെ ദേശത്ത് പാർക്കുന്നവർ എന്നും അവർ കേട്ടു.
17യിസ്രായേൽമക്കൾ യാത്രപുറപ്പെട്ട് മൂന്നാം ദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയിൽ എത്തി.
18അവരുടെപ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
19പ്രഭുക്കന്മാർ സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോട് സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ.
20നാം അവരെ ജീവനോട് രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്ന് പറഞ്ഞു.
21പ്രഭുക്കന്മാർ അവരോട്: “ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭയ്ക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം“ എന്ന് പറഞ്ഞു.
22പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: “നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്ന് പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത് ?
23ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ; നിങ്ങൾ എല്ലാ കാലത്തുംഎന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ ആയിരിക്കും“ എന്ന് പറഞ്ഞു.
24അവർ യോശുവയോട്: “നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്, നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചത് അടിയങ്ങൾ അറിഞ്ഞതിനാൽ ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു.

Read യോശുവ 9യോശുവ 9
Compare യോശുവ 9:8-24യോശുവ 9:8-24