Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. ശമൂവേൽ

2. ശമൂവേൽ 11

Help us?
Click on verse(s) to share them!
1ആ വർഷം വസന്തത്തിൽ, രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന കാലത്ത് ദാവീദ് യോവാബിനെയും അവനോടുകൂടി തന്റെ ഭടന്മാരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദ് യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.
2ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
3ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. “എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ അല്ലേ ഇത്?” എന്ന് ഒരാൾ പറഞ്ഞു.
4ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
5ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്ന വാർത്ത ദാവീദിനെ അവൾ അറിയിച്ചു.
6അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു.
7ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വിവരവും ചോദിച്ചു.
8പിന്നെ ദാവീദ് ഊരിയാവിനോട്: “നീ വീട്ടിൽ ചെന്ന് കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
9എന്നാൽ ഊരീയാവ് തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
10ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു.
11ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കുമ്പോൾ ഞാൻ ഭക്ഷിക്കുവാനും കുടിക്കുവാനും എന്റെ ഭാര്യയോടുകൂടി ശയിക്കുവാനും എന്റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങയുടെ ജിവനാണ, ഇത് ഞാൻ ചെയ്യുകയില്ല” എന്നു പറഞ്ഞു.
12അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്കുക; നാളെ ഞാൻ നിന്നെ പറഞ്ഞയയ്ക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു.
13ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്ന് തന്റെ യജമാനന്റെ ദാസന്മാരോടുകൂടി അവൻ തന്റെ കിടക്കയിൽ കിടന്നു.
14രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.
15എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവിനെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്ന് അവൻ എഴുതിയിരുന്നു.
16അങ്ങനെതന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നിടയിൽ വീരന്മാർ നില്ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവിനെ നിയോഗിച്ചു.
17പട്ടണക്കാർ പുറപ്പെട്ട് യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരിയാവും മരിച്ചു.
18പിന്നെ യോവാബ് ആ യുദ്ധവാർത്ത എല്ലാം ദാവീദിനോട് അറിയിക്കുവാൻ ആളയച്ചു.

19അവൻ സന്ദേശവാഹകനോട് ഇങ്ങനെ കല്പിച്ചു : “നീ യുദ്ധവാർത്ത എല്ലാം രാജാവിനോട് പറഞ്ഞു തീരുമ്പോൾ രാജാവിന് കോപം ജ്വലിച്ചു ഇപ്രകാരം പറയും:
20‘നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്ന് യുദ്ധം ചെയ്തത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ?
21യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആര്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരിക്കല്ലിന്റെ പിള്ളക്കല്ല് അവന്റെ മേൽ ഇട്ടതുകൊണ്ടല്ലയോ അവൻ തേബെസിൽവച്ച് മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത്?’ എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: ‘നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്ന് പറയുക.’ ”
22സന്ദേശവാഹകൻ ചെന്ന് യോവാബ് പറഞ്ഞയച്ച വാർത്തകളെല്ലാം ദാവീദിനെ അറിയിച്ചു.
23സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത് : “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു.
24അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ ഭടന്മാരെ എയ്തു, രാജാവിന്റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.”
25അതിന് ദാവീദ് സന്ദേശവാഹകനോട്: “‘ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളയുക’ എന്നു നീ യോവാബിനോട് പറഞ്ഞു അവനെ ധൈര്യപ്പെടുത്തണം” എന്നു കല്പിച്ചു.
26ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ച് വിലപിച്ചു.
27വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ തന്റെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.