Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. ശമൂവേൽ

2. ശമൂവേൽ 14

Help us?
Click on verse(s) to share them!
1രാജാവിന്റെ ഹൃദയം അബ്ശാലോമിനെക്കുറിച്ച് വിചാരപ്പെടുന്നു എന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചപ്പോൾ തെക്കോവയിലേക്ക് ആളയച്ചു
2അവിടെനിന്ന് വിവേകമതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: “മരിച്ചുപോയവനെക്കുറിച്ച് ഏറിയനാളായി ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും, ദുഃഖവസ്ത്രം ധരിച്ചും, തൈലം പൂശാതെയും
3രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇപ്രകാരം സംസാരിക്കണം” എന്നു പറഞ്ഞു; യോവാബ് വാക്കുകൾ അവൾക്ക് ഉപദേശിച്ചുകൊടുത്തു.
4ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോട് സംസാരിക്കുവാൻ ചെന്ന് സാഷ്ടാംഗം വീണു നമസ്കരിച്ചു: “രാജാവേ, സഹായിക്കണമേ” എന്നു പറഞ്ഞു.
5രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്റെ ഭർത്താവ് മരിച്ചുപോയി.
6എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
7ഇപ്പോൾ കുടുംബം മുഴുവനും അങ്ങയുടെ ഈ ദാസിയുടെ നേരെ എഴുന്നേറ്റ്: ‘സഹോദരനെ കൊന്നവനെ വിട്ടുതരുക; അവൻ കൊന്ന സഹോദരന്റെ ജീവന് പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കും’ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന് പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്ക് ശേഷിച്ചിരിക്കുന്ന കനലും കെടുത്തിക്കളയുവാൻ ഭാവിക്കുന്നു.”
8രാജാവ് സ്ത്രീയോട്: “നിന്റെ വീട്ടിലേക്ക് പോകുക; ഞാൻ നിന്റെ കാര്യത്തിൽ ആജ്ഞ കൊടുക്കും” എന്നു പറഞ്ഞു.
9ആ തെക്കോവക്കാരത്തി രാജാവിനോട്: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
10അതിന് രാജാവ്: “നിന്നോട് വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല” എന്നു പറഞ്ഞു.
11“രക്തപ്രതികാരകൻ അധികം സംഹാരം ചെയ്യുകയും എന്റെ മകനെ അവർ നശിപ്പിക്കുകയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കണമേ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ മകന്റെ ഒരു മുടിപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
12അപ്പോൾ ആ സ്ത്രീ: “യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ഒരു വാക്ക് ബോധിപ്പിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. “പറയുക” എന്ന് അവൻ പറഞ്ഞു.
13ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? ഓടിപ്പോയവനെ രാജാവ് മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.
14നാം മരിക്കേണ്ടവരല്ലയോ?: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
15ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു ഇപ്പോൾ ഞാൻ എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയുവാൻ വന്നത്. അങ്ങയുടെ ദാസി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ രാജാവിനോടു സംസാരിക്കും തന്റെ ദാസിയുടെ അപേക്ഷ പ്രകാരം രാജാവ് ചെയ്യുമായിരിക്കും;
16രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിക്കുവാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുകയും ചെയ്യും.
17എന്റെ യജമാനനായ രാജാവിന്റെ കല്പന ഇപ്പോൾ ആശ്വാസമായിരിക്കും; ഗുണവും ദോഷവും തിരിച്ചറിയുവാൻ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു’ എന്നും അടിയൻ പറഞ്ഞു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടി ഇരിക്കുമാറാകട്ടെ.”
18രാജാവ് സ്ത്രീയോട്: “ഞാൻ നിന്നോട് ചോദിക്കുന്നതൊന്നും എന്നിൽനിന്ന് മറെച്ചുവയ്ക്കരുത് ” എന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവ് കല്പിച്ചാലും” എന്നു സ്ത്രീ പറഞ്ഞു.

19അപ്പോൾ രാജാവ്: “നിന്റെകൂടെ ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, നിന്റെ ജീവനാണ, എന്റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.
20കാര്യങ്ങളെല്ലാം നേരെയാക്കാൻ നിന്റെ ഭൃത്യനായ യോവാബ് ഇത് ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ള സകലവും അറിയുവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു.”
21രാജാവ് യോവാബിനോട്: “ശരി, ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരുക” എന്നു കല്പിച്ചു.
22അപ്പോൾ യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: “എന്റെ യജമാനനായ രാജാവേ, അടിയന്റെ അപേക്ഷപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയന് തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു” എന്നു യോവാബ് പറഞ്ഞു.
23അങ്ങനെ യോവാബ് പുറപ്പെട്ട് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
24എന്നാൽ രാജാവ്: “അവൻ തന്റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
25എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം പ്രകീർത്തിക്കപ്പെട്ട ഒരുവനും ഉണ്ടായിരുന്നില്ല; അടിതൊട്ട് മുടിവരെ അവന് ഒരു ന്യൂനതയും ഇല്ലായിരുന്നു.
26അവൻ തന്റെ തലമുടി എല്ലാ വർഷത്തിന്റെയും അവസാനം കത്രിപ്പിച്ചുകളയും; അത് തനിക്ക് ഭാരമായിരിക്കുകയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറ് ശേക്കെൽ കാണും.
27അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
28രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ വസിച്ചു.
29ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിക്കുവാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമത് പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
30അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: “ഇതാ, എന്റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; പോയി അത് തീവച്ച് ചുട്ടുകളയുവിൻ” എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.
31അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അവനോട്: “നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
32അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിന് നീ ഇവിടെ വരണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.
33യോവാബ് രാജാവിന്റെ അടുക്കൽ ചെന്ന് വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.