Text copied!
CopyCompare
മലയാളം ബൈബിള്‍ - വിലാപങ്ങൾ

വിലാപങ്ങൾ 4

Help us?
Click on verse(s) to share them!
1അയ്യോ, പൊന്ന് മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലയ്ക്കൽ ചിതറി കിടക്കുന്നു.
2തങ്കതുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
3കുറുനരികൾപോലും മുല കൊടുത്ത് കുഞ്ഞുങ്ങളെ പോറ്റുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു.
4മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു.
6സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ സൊദോമിന്റെ പാപത്തേക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
7അവളുടെ പ്രഭുക്കന്മാർ ഹിമത്തേക്കാൾ നിർമ്മലന്മാരും പാലിനെക്കാൾ വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
9വാൾകൊണ്ട് മരിക്കുന്നവർ വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ; നിലത്തിൽ ഫലമില്ലായ്കയാൽ വിശപ്പിന്റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു.
10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ട് പാകം ചെയ്തു, എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിൽ അവർ ആഹാരമായിരുന്നു.
11യഹോവ തന്റെ ക്രോധം നിവർത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവിടുന്ന് സീയോനിൽ തീ കത്തിച്ചു: അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്ത് കടക്കും എന്ന് ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
13അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി,
14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ട് നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
15‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്ന് അവരോട് വിളിച്ചുപറയും; അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ എന്ന് ജാതികളുടെ ഇടയിൽ പറയും.
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല.
17സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു; ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.

19ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
20ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; “അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജീവിക്കും ” എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.
21ഊസ് ദേശത്ത് പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേയ്ക്കും വരും; നീ ലഹരിപിടിച്ച് നിന്നെത്തന്നേ നഗ്നയാക്കും.
22സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേയ്ക്ക് അയയ്ക്കുകയില്ല; എദോംപുത്രിയേ, അവിടുന്ന് നിന്റെ അകൃത്യം സന്ദർശിക്കുകയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.