Text copied!
CopyCompare
മലയാളം ബൈബിള്‍ - ലൂക്കോസ് - ലൂക്കോസ് 1

ലൂക്കോസ് 1:8-42

Help us?
Click on verse(s) to share them!
8സെഖര്യാവ് തന്റെ ഗണത്തിന്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
9പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
10അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
11അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്ത് നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.
12സെഖര്യാവ് അവനെ കണ്ട് പരിഭ്രമിച്ചു.
13ദൂതൻ അവനോട് പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്റെ ഭാര്യ എലിസബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവന് യോഹന്നാൻ എന്നു പേർ ഇടേണം.
14നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.
15അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
17അവൻ കർത്താവിന് മുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.
18സെഖര്യാവ് ദൂതനോട്; ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
19ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു.
20തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
21ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തു വരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.
22അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ട് എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആം‌ഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു.
23അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
24ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭം ധരിച്ചു:
25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ച് മാസം ഒളിച്ചു പാർത്തു.
26എലിസബെത്ത് ഗർഭിണിയായി ആറ് മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു.
27അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു.
28ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്ന്: കൃപ ലഭിച്ചവളേ, നിനക്ക് വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
29അവൾ ആ വാക്ക് കേട്ട് ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
30ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.
31നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കണം.
32അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും
33അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34മറിയ ദൂതനോട്: ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം.
37ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല എന്നു ഉത്തരം പറഞ്ഞു.
38അതിന് മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
39കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്ന്,
40അവിടെ സെഖര്യാവിന്റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു.
41മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു,
42ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.

Read ലൂക്കോസ് 1ലൂക്കോസ് 1
Compare ലൂക്കോസ് 1:8-42ലൂക്കോസ് 1:8-42