1അമിത്ഥായുടെ മകനായ യോനെക്ക് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ഇപ്രകാരമായിരുന്നു:
2നീ മഹാനഗരമായ നീനെവേയിൽ ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
3എന്നാൽ യോനാ യഹോവയുടെ വാക്കനുസരിച്ച് നിനവയിലേക്കു പോകാതെ യോപ്പ തുറമുഖത്തേക്കു ചെന്ന്, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് യാത്രകൂലി കൊടുത്ത് യഹോവയുടെ സന്നിധിയിൽനിന്നും തർശീശിലേക്കു പൊയ്ക്കളയുവാൻ അതിൽ കയറി.
4യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; കടൽ ക്ഷോഭിച്ചു. കപ്പൽ തകർന്നുപോകുന്ന അവസ്ഥയായി.
5കപ്പലിൽ ഉള്ളവർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോട് നിലവിളിച്ചു; കപ്പലിന് ഭാരം കുറക്കേണ്ടതിന് അവർ അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.
6കപ്പിത്താൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നീ ഈ സമയത്തു ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക.നാം നശിച്ചുപോകാതെ പക്ഷെ ദൈവം നമ്മെ കടാക്ഷിക്കും.”
7അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെ മേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന് നാം നറുക്കിടുക എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ നറുക്കിട്ടു; യോനെക്ക് നറുക്കു വീണു.
8അവർ അവനോട് “ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്ന് നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ?” എന്ന് ചോദിച്ചു.
9അവൻ അവരോട് “ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു” എന്നു പറഞ്ഞു.ദൈവകൽപ്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്ന് താൻ ഓടിപ്പോകയാണെന്ന് യോന അവരോട് പറഞ്ഞിരുന്നു.
10അപ്പോൾ ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: “നീ എന്തിന് അങ്ങനെ ചെയ്തു?” എന്ന് ചോദിച്ചു.
11എന്നാൽ കടൽ മേല്ക്കുമേൽ അധികം ക്ഷോഭിച്ചതുകൊണ്ട് അവർ അവനോട്: “കടൽ ശാന്തമാവാൻ തക്കവണ്ണം ഞങ്ങൾ എന്തു ചെയ്യേണ്ടു?” എന്ന് ചോദിച്ചു.
12അവൻ അവരോട്: “എന്നെ എടുത്ത് കടലിൽ ഇടുക; അപ്പോൾ കടൽ അടങ്ങും; എന്റെനിമിത്തം ഈ കടൽക്ഷോഭം ഉണ്ടായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
13യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു; എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല.
14അവർ യഹോവയോടു നിലവിളിച്ചു: “അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; എങ്കിലും നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതു നീ ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
15പിന്നെ അവർ യോനയെ എടുത്ത് കടലിൽ ഇട്ടുകളകയും കടലിന്റെ കോപം അടങ്ങുകയും ചെയ്തു.
16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവെക്കു യാഗം കഴിച്ചു; നേർച്ചകൾ നേർന്നു.
17യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു വലിയ മത്സ്യത്തെ നിയോഗിച്ചിരുന്നു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.