Text copied!
CopyCompare
മലയാളം ബൈബിള്‍ - ആവർത്തനപുസ്തകം

ആവർത്തനപുസ്തകം 6

Help us?
Click on verse(s) to share them!
1നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും നിന്റെ ജീവകാലം ഒക്കെയും നീയും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്താനപരമ്പരകളും ദൈവമായ യഹോവയെ ഭയപ്പെട്ട് ഞാൻ നിങ്ങളോട് അറിയിക്കുന്ന എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിക്കുവാനും
2നിങ്ങൾ ദീർഘായുസ്സോട് കൂടി ഇരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
3ആകയാൽ യിസ്രായേലേ, നിനക്ക് നന്മയുണ്ടാകുവാനും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്കുക.
4യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ.
5നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടി സ്നേഹിക്കേണം.
6ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കണം.
7നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം.
8അവ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കണം.
9അവ നിന്റെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതണം.
10നിന്റെ ദൈവമായ യഹോവ നിനക്ക് തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും,
11നീ നിറക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും, നീ കുഴിക്കാത്ത കിണറുകളും, നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും, നിനക്ക് തരുകയും നീ തിന്ന് തൃപ്തിപ്രാപിക്കുകയും ചെയ്യുമ്പോൾ
12നിന്നെ അടിമവീടായ ഈജിപ്റ്റ് ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
13നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.
14നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്ക് വിരോധമായി ജ്വലിച്ച്, നിന്നെ ഭൂമിയിൽനിന്ന് നശിപ്പിക്കാതിരിക്കുവാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്;
15നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യത്തിൽ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
16നിങ്ങൾ മസ്സയിൽവെച്ച് പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.
17നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കണം.
18നിനക്ക് നന്മയുണ്ടാകുന്നതിനും യഹോവ നിന്റെ പിതാക്കന്മാരോട് സത്യം ചെയ്ത നല്ലദേശം നീ ചെന്ന് കൈവശമാക്കുന്നതിനും യഹോവ അരുളിച്ചെയ്തതുപോലെ

19നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയുന്നതിനും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതകരവും ആയ കാര്യങ്ങൾ ചെയ്യണം.
20നമ്മുടെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്ത് എന്ന് നാളെ നിന്റെ മകൻ ചോദിക്കുമ്പോൾ, നീ നിന്റെ മകനോട് പറയേണ്ടത് എന്തെന്നാൽ:
21“ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന് അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ട് ഞങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.
22ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തായതും തീവ്രതയുള്ളതും ആയ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.
23ഞങ്ങളെയോ, താൻ നമ്മുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് കൊണ്ടുവന്നാക്കേണ്ടതിന് അവിടെനിന്ന് പുറപ്പെടുവിച്ചു
24എല്ലായ്പോഴും നാം ശുഭമായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ ചട്ടങ്ങളെല്ലാം ആചരിക്കുവാനും യഹോവ നമ്മോട് കല്പിച്ചു.
25നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചതുപോലെ അവിടുത്തെ മുമ്പാകെ ഈ കല്പനകളെല്ലാം ആചരിക്കുവാൻ ശ്രദ്ധിക്കുമെങ്കിൽ നാം നീതിയുള്ളവരായിരിക്കും.“