Text copied!
CopyCompare
മലയാളം ബൈബിള്‍ - ആവർത്തനപുസ്തകം

ആവർത്തനപുസ്തകം 22

Help us?
Click on verse(s) to share them!
1സഹോദരന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നത് നീ കണ്ടാൽ, ഒഴിഞ്ഞുകളയാതെ, അതിനെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കണം.
2ആ സഹോദരൻ നിനക്ക് സമീപസ്ഥനല്ല, നീ ഉടമസ്ഥനെ അറിയുകയും ഇല്ല എങ്കിൽ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകണം; സഹോദരൻ അതിനെ അന്വേഷിച്ച് വരുംവരെ അത് നിന്റെ അടുക്കൽ ഇരിക്കണം; പിന്നെ അവന് മടക്കിക്കൊടുക്കണം.
3അങ്ങനെ തന്നെ അവന്റെ കഴുതയുടെയും, വസ്ത്രത്തിന്റെയും, അവന്റെ അടുക്കൽനിന്ന് കാണാതെ പോയതും നീ കണ്ടെത്തിയതുമായ ഏതു വസ്തുവിന്റെയും കാര്യത്തിലും ചെയ്യണം; ഈ കാര്യത്തിൽ നിന്ന് നീ ഒഴിഞ്ഞുകളയരുത്.
4സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നത് നീ കണ്ടാൽ ഒഴിഞ്ഞുപോകാതെ അതിനെ എഴുന്നേല്പിക്കാൻ അവനെ സഹായിക്കണം.
5പുരുഷന്റെ വസ്ത്രം സ്ത്രീയും, സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരെ എല്ലാം നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.
6മരത്തിന്മേലോ നിലത്തോ, കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂട് നീ വഴിയിൽവച്ച് കാണുകയും, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ മീതെയോ മുട്ടകളുടെ മീതെയോ ഇരിക്കുകയും ചെയ്യുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടി തള്ളയെ പിടിക്കരുത്.
7നിനക്ക് നന്നായിരിക്കുവാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയണം; കുഞ്ഞുങ്ങളെ എടുക്കാം.
8ഒരു പുതിയ വീട് പണിതാൽ നിന്റെ വീടിന്റെ മുകളിൽ നിന്ന് ആരെങ്കിലും വീണ് വീടിന്മേൽ രക്തപാതകം വരാതിരിക്കുന്നതിന് നീ അതിന് കൈമതിൽ ഉണ്ടാക്കണം.
9നിന്റെ മുന്തിരിത്തോട്ടത്തിൽ മറ്റേതെങ്കിലും വിത്ത് വിതയ്ക്കരുത്; അങ്ങനെ ചെയ്താൽ നീ വിതച്ച വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്ക് ചേർന്നുപോകും.
10കാളയെയും കഴുതയെയും ഒന്നിച്ച് പൂട്ടി നിലം ഉഴരുത്.
11ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുത്.
12നീ പുതയ്ക്കുന്ന പുതപ്പിന്റെ നാലു കോണുകളിലും തൊങ്ങലുണ്ടാക്കണം.
13ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം അവളോട് വെറുപ്പ് തോന്നി.
14“ഞാൻ വിവാഹം കഴിച്ച ഈ സ്ത്രീയിൽ കന്യകാലക്ഷണം കണ്ടില്ല” എന്ന് പറഞ്ഞ്, അവൾക്ക് നാണക്കേട് വരുത്തി, അപവാദം പറഞ്ഞുണ്ടാക്കിയാൽ
15യുവതിയുടെ അമ്മയപ്പന്മാർ അവരുടെ മകൾ കന്യകയായിരുന്നു എന്നതിന്റെ തെളിവുമായി പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ വരണം.
16യുവതിയുടെ അപ്പൻ മൂപ്പന്മാരോട്: “ഞാൻ എന്റെ മകളെ ഈ പുരുഷന് ഭാര്യയായി കൊടുത്തു; എന്നാൽ അവന് അവളോടു അനിഷ്ടമായിരിക്കുന്നു.
17എന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്ന് പറഞ്ഞ് അവൾക്ക് നാണക്കേട് വരുത്തുന്നു; എന്നാൽ എന്റെ മകൾ കന്യകയായിരുന്നു എന്നതിന് തെളിവ് ഇതാ” എന്ന് പറഞ്ഞ് പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം നിവർത്തണം.
18അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷിക്കണം.

19അവൻ യിസ്രായേലിൽ ഒരു കന്യകയെക്കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനോട് നൂറ് വെള്ളിക്കാശ് പിഴ ഈടാക്കി യുവതിയുടെ അപ്പന് കൊടുക്കണം; അവൾ അവന് തന്നേ ഭാര്യയായിരിക്കണം; അവൻ തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
20എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്ന വാക്ക് സത്യം ആയിരുന്നാൽ
21അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതില്ക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് അപ്പന്റെ വീട്ടിൽവച്ച് വേശ്യാദോഷം ചെയ്യുകകൊണ്ട് അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം.
22ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടി മറ്റൊരുവൻ ശയിക്കുന്നത് കണ്ടാൽ ആ പുരുഷനും സ്ത്രീയും മരണശിക്ഷ അനുഭവിക്കണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയണം.
23വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുവൻ പട്ടണത്തിൽവച്ചു കണ്ട് അവളോടുകൂടി ശയിച്ചാൽ
24പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ട് യുവതിയും, കൂട്ടുകാരന്റെ ഭാര്യയ്ക്ക് അപമാനം വരുത്തിയതുകൊണ്ട് ആ പുരുഷനും മരണയോഗ്യർ.നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്ക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം.
25എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുവൻ വയലിൽവച്ച് കണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടി ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കണം.
26യുവതിയെ ഒന്നും ചെയ്യരുത്; അവൾക്ക് മരണയോഗ്യമായ പാപമില്ല. ഒരുവൻ കൂട്ടുകാരന്റെ നേരെ കയർത്ത് അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.
27വയലിൽവച്ചാണ് അവൻ അവളെ കണ്ടെത്തിയത്; യുവതി നിലവിളിച്ചാലും അവളെ രക്ഷിക്കുവാൻ ആരും ഇല്ലായിരുന്നു.
28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുവൻ കണ്ട് അവളെ പിടിച്ച് അവളോടുകൂടി ശയിക്കുകയും അവരെ കണ്ടുപിടിക്കുകയും ചെയ്താൽ
29അവളോടുകൂടി ശയിച്ച പുരുഷൻ യുവതിയുടെ അപ്പന് അമ്പതു വെള്ളിക്കാശ് കൊടുക്കണം; അവൾ അവന്റെ ഭാര്യയാവുകയും വേണം. അവൻ അവൾക്ക് അപമാനം വരുത്തിയല്ലോ; അവൻ തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
30അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുത്; അപ്പന്റെ വസ്ത്രം നീക്കുകയും അരുത്.