1ഊസ്ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
2അവന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു.
3അവന് ഏഴായിരം (7000) ആടുകളും മൂവായിരം (3000) ഒട്ടകങ്ങളും അഞ്ഞൂറ് ജോടി കാളകളും അഞ്ഞൂറ് പെൺ കഴുതകളുമുള്ള മൃഗസമ്പത്തും വളരെ ദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വ ദേശക്കാരിലും മഹാനായിരുന്നു.
4അവന്റെ പുത്രന്മാർ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അവരവരുടെ വീട്ടിൽ വിരുന്നു കഴിക്കുകയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്യുവാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ച് വിളിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
5എന്നാൽ വിരുന്നുനാളുകൾ കഴിയുമ്പോൾ ഇയ്യോബ്: “എന്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും” എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണമനുസരിച്ച് ഹോമയാഗങ്ങളെ അർപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
6ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
7യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു.
8യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു.