Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. ദിനവൃത്താന്തം

2. ദിനവൃത്താന്തം 16

Help us?
Click on verse(s) to share them!
1ആസ വാഴ്ച തുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു; ആസയുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമയെ ഉറപ്പായി പണിതു.
2അപ്പോൾ ആസ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്ന് വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു:
3എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന് നീ അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്ന് പറഞ്ഞു.
4ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ട് തന്റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി.
5ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്നത് നിർത്തി വെച്ചു.
6അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി; അവൻ അവ കൊണ്ട് ഗേബ, മിസ്പ,എന്നീ പട്ടണങ്ങൾ പണിതു.
7ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത് എന്തെന്നാൽ: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്ക കൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്ന് രക്ഷപെട്ടിരിക്കുന്നു.
8എത്യോപ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്ക കൊണ്ട് യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.
9യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്ന് കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്ക് യുദ്ധങ്ങൾ ഉണ്ടാകും.”
10അപ്പോൾ ആസ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസയെ ഉഗ്രകോപിയാക്കി. ആ നാളുകളിൽ ആസ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു.
11ആസയുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ.
12തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസയുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്.
13ആസാ തന്റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു.
14അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധി പ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനു വേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.