5എങ്കിലും വിധവ എന്നെ അസഹ്യപ്പെടുത്തുന്നതുകൊണ്ട് അവൾക്ക് നീതി ലഭിക്കാൻ സഹായിക്കും; അല്ലെങ്കിൽ അവൾ വീണ്ടും വന്നു എന്നെ ശല്യപ്പെടുത്തും എന്നു ഉള്ളുകൊണ്ട് പറഞ്ഞു.
6അനീതിയുള്ള ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുക.
7ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്റെ തെരെഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമ കാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും;
8ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു.
9തങ്ങൾ നീതിമാന്മാർ എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് അവൻ ഇപ്രകാരം ഒരു ഉപമ പറഞ്ഞു:
10രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി; ഒരാൾ പരീശൻ, മറ്റെയാൾ ചുങ്കക്കാരൻ.
11പരീശൻ നിന്നുകൊണ്ടു തന്നോട് തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ തുടങ്ങിയ മറ്റ് മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ല. അതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.
12ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു; ലഭിക്കുന്നതിൽ ഒക്കെയും ദശാംശം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13ചുങ്കക്കാരനോ ദൂരത്ത് നിന്നുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കുവാൻപോലും ശ്രമിക്കാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
15ഒരിയ്ക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ട് അവരെ ശാസിച്ചു.
16എന്നാൽ യേശു ശിശുക്കളെ തന്റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.