Text copied!
CopyCompare
മലയാളം ബൈബിള്‍ - സഭാപ്രസംഗി

സഭാപ്രസംഗി 2

Help us?
Click on verse(s) to share them!
1ഞാൻ എന്നോടു തന്നെ പറഞ്ഞു: “വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്ളുക.”
2എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു.
3മനുഷ്യർക്ക് ആകാശത്തിൻ കീഴിൽ ജീവപര്യന്തം ചെയ്യുവാൻ നല്ലത് ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയത്തെ ജ്ഞാനത്തിൽ സൂക്ഷിച്ചുകൊണ്ട്, എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിക്കുവാനും ഭോഷത്തം പിടിച്ചു കൊള്ളുവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
4ഞാൻ എന്റെ പ്രവർത്തികളെ മഹത്തരമാക്കി; എനിക്കുവേണ്ടി അരമനകൾ പണിതു; മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി.
5ഞാൻ തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളും നട്ടു.
6തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്ന വൃക്ഷങ്ങൾ നനയ്ക്കുവാൻ കുളങ്ങളും കുഴിപ്പിച്ചു.
7ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എന്റെ മുൻ ഗാമികളെക്കാൾ അധികം ആടുമാടുകളുടെ സമ്പത്ത് എനിക്കുണ്ടായിരുന്നു.
8ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള നിക്ഷേപങ്ങളും സ്വരൂപിച്ചു; മനുഷ്യരുടെ പ്രമോദമായ സംഗീതക്കാരെയും സംഗീതക്കാരത്തികളെയും അനവധി സംഗീതോപകരണങ്ങളും സമ്പാദിച്ചു.
9ഇങ്ങനെ ഞാൻ, എനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു; എനിയ്ക്ക് ജ്ഞാനവും ഒട്ടും കുറവില്ലായിരുന്നു.
10എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവുംനിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നെ.
11ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും എന്റെ സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
12ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്തവും നോക്കുവാൻ തിരിഞ്ഞു; ഒരു രാജാവിന്റെ പിൻഗാമിയായി വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നെ.
13വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്തത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.
14ജ്ഞാനിയുടെ കണ്ണ് തലയുടെ ഉള്ളിലാണ്; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർ ഇരുവർക്കും ഗതി ഒന്നു തന്നെ എന്നു ഞാൻ ഗ്രഹിച്ചു.
15ആകയാൽ ഞാൻ എന്നോട്: “ഭോഷനും എനിക്കും ഗതി ഒന്നു തന്നെ; പിന്നെ ഞാൻ എന്തിന് അധികം ജ്ഞാനം സമ്പാദിക്കുന്നു?” എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
16ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്ത് അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
17അങ്ങനെ സൂര്യന് കീഴിൽ നടക്കുന്ന കാര്യം എനിക്ക് അനിഷ്ടമായതുകൊണ്ട് ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
18സൂര്യന് കീഴിലുള്ള എന്റെ പ്രയത്നത്തെ എല്ലാം ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യനുവേണ്ടി ഞാൻ അത് വിട്ടേച്ചു പോകേണ്ടിവരുമല്ലോ.

19അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽ പ്രയത്നിച്ചതും ജ്ഞാനം വെളിപ്പെടുത്തിയതുമായ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.
20ആകയാൽ സൂര്യന് കീഴിൽ ഞാൻ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും എന്റെ ഹൃദയത്തിൽ മടുപ്പുണ്ടാകുവാൻ തുടങ്ങി.
21ഒരുവൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടി പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുവന് അവൻ അത് അവകാശമായി വിട്ടുകൊടുക്കേണ്ടി വരും; അതും മായയും വലിയ തിന്മയും അത്രേ.
22സൂര്യന് കീഴിലുള്ള സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന് എന്തു ഫലം?
23അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാട് വ്യസനകരവും അല്ലയോ; രാത്രിയിലും അവന്റെ ഹൃദയത്തിന് സ്വസ്ഥതയില്ല; അതും മായ അത്രേ.
24തിന്നു കുടിച്ച് തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന് മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളത് എന്നു ഞാൻ കണ്ടു.
25അവൻ നല്കീട്ടല്ലാതെ ആര് ഭക്ഷിക്കും; ആര് അനുഭവിക്കും?
26തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്യുവാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.