Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 8

1. രാജാക്കന്മാർ 8:1-46

Help us?
Click on verse(s) to share them!
1പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്ന് കൊണ്ടുവരുന്നതിനായി ശലോമോൻ യിസ്രായേൽ മൂപ്പന്മാരെയും ഗോത്രത്തലവന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്റെ അടുക്കൽ കൂട്ടിവരുത്തി.
2അങ്ങനെ യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവത്തിന് ശലോമോൻരാജാവിന്റെ അടുക്കൽ ഒന്നിച്ചുകൂടി.
3യിസ്രായേൽമൂപ്പന്മാർ എല്ലാവരും വന്നുചേർന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
4അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും അതിലെ വിശുദ്ധ ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമായിരുന്നു അവയെ കൊണ്ടുവന്നത്.
5ശലോമോൻരാജാവും വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും പെട്ടകത്തിനു മുമ്പിൽ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയാത്ത വിധം അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു.
6അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ, അതിവിശുദ്ധസ്ഥലത്ത്,അതിന്റെ സ്ഥാനത്ത് കൊണ്ടുവന്ന്, കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു.
7കെരൂബുകൾ പെട്ടകത്തിന്റെ സ്ഥാനത്തിന് മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
8അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്ത് നിന്നാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം തണ്ടുകൾക്ക് നീളമുണ്ടായിരുന്നു; എങ്കിലും പുറത്തുനിന്ന് കാണുവാൻ സാദ്ധ്യമായിരുന്നില്ല; അവ ഇന്നുവരെയും അവിടെ ഉണ്ട്.
9യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം യഹോവ അവരോട് നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ച് അതിൽ വെച്ചിരുന്ന രണ്ട് കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
10പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ, മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
11യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ, ശുശ്രൂഷ ചെയ്യേണ്ടതിന് ആലയത്തിൽ നില്പാൻ മേഘം നിമിത്തം പുരോഹിതന്മാർക്ക് കഴിഞ്ഞില്ല.
12അപ്പോൾ ശലോമോൻ: “താൻ മേഘതമസ്സിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു;
13എങ്കിലും ഞാൻ അങ്ങേക്ക് എന്നേക്കും വസിപ്പാൻ മാഹാത്മ്യമുള്ള ഒരു നിവാസം പണിതിരിക്കുന്നു ” എന്ന് പറഞ്ഞു.
14പിന്നെ യിസ്രായേൽസഭ മുഴുവനും നിൽക്കുമ്പോൾ തന്നെ, രാജാവ് തിരിഞ്ഞ് യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ച് പറഞ്ഞത് എന്തെന്നാൽ:
15“എന്റെ അപ്പനായ ദാവീദിനോട് തിരുവായ്കൊണ്ട് അരുളിച്ചെയ്തത്, തൃക്കൈകൊണ്ട് സാദ്ധ്യമാക്കി തന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
16‘എന്റെ ജനമായ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്റെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തിട്ടില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു’ എന്ന് അവിടുന്ന് അരുളിച്ചെയ്തു.
17യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു.
18എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്ന് നിനക്കുണ്ടായ താല്പര്യം നല്ലത് തന്നെ.
19എങ്കിലും ആലയം പണിയേണ്ടത് നീയല്ല, നിന്നിൽ നിന്നുത്ഭവിക്കുന്ന നിന്റെ മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും’ എന്ന് കല്പിച്ചു.
20അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവയുടെ വാഗ്ദാനപ്രകാരം എന്റെ അപ്പനായ ദാവീദിന് പകരം ഞാൻ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയവും പണിതിരിക്കുന്നു.
21യഹോവ നമ്മുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്നപ്പോൾ, അവരോട് ചെയ്ത ഉടമ്പടി രേഖപ്പെടുത്തി വച്ചിരിക്കുന്ന പെട്ടകത്തിന് ഞാൻ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”
22അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്റെ മുൻപിൽ യിസ്രായേലിന്റെ സർവ്വസഭയും കാൺകെ ആകാശത്തിലേക്ക് കരങ്ങൾ ഉയർത്തി പറഞ്ഞത് :
23“യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി നിറവേറ്റുകയും, ദയ കാണിക്കുകയും ചെയ്യുന്ന അങ്ങേക്ക് തുല്യനായി മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു ദൈവവും ഇല്ല.
24അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട് ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.
25ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടന്ന് തങ്ങളുടെ വഴി സൂക്ഷിക്കുക മാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല’ എന്ന് അരുളിച്ചെയ്തിരിക്കുന്നത് നിവർത്തിക്കേണമേ.
26ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന അവിടത്തെ ദാസനോട് അങ്ങ് അരുളിച്ചെയ്ത വചനം സാദ്ധ്യമായി തീരുമാറാകട്ടെ.
27എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
28എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്ന് തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞ് കടാക്ഷിക്കേണമേ.
29അടിയൻ ഈ സ്ഥലത്തുവെച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന് ‘അവിടുത്തെ നാമം ഉണ്ടായിരിക്കു’മെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്ക് രാവും പകലും അവിടുത്തെ കടാക്ഷം ഉണ്ടായിരിക്കേണമേ
30അടിയനും അവിടുത്തെ ജനമായ യിസ്രായേലും ഈ സ്ഥലത്ത് വച്ച് പ്രാർഥിക്കുമ്പോൾ അടിയങ്ങളൂടെ യാചന കേൾക്കേണമേ; അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അടിയങ്ങളോട് ക്ഷമിക്കേണമേ.
31ഒരുത്തൻ തന്റെ അയൽക്കാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ട് സത്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ, അവൻ ഈ ആലയത്തിൽ അങ്ങയുടെ യാഗപീഠത്തിന് മുമ്പാകെ വന്ന് സത്യം ചെയ്കയും ചെയ്താൽ,
32അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് പ്രവർത്തിച്ച്, ദുഷ്ടനെ കുറ്റം വിധിക്കുകയും അവന്റെ പ്രവൃത്തി അവന്റെ തലമേൽ വരുത്തുകയും, നീതിമാന്റെ നീതിക്ക് തക്കവണ്ണം അവനെ നീതീകരിക്കയും ചെയ്ത് അടിയങ്ങൾക്ക് ന്യായം പാലിച്ചുതരേണമേ.
33അങ്ങയുടെ ജനമായ യിസ്രായേൽ അങ്ങയോട് പാപം ചെയ്കയും, തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ മനം തിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽ വെച്ച് പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ,
34അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവിടുത്തെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ.
35അവർ അങ്ങയോട് പാപം ചെയ്കമൂലം ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച് അങ്ങയുടെ നാമത്തെ സ്വീകരിക്കയും, അങ്ങ് അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരികയും ചെയ്താൽ,
36അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അങ്ങയുടെ ദാസന്മാരുടെയും അവിടുത്തെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
37ദേശത്ത് ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ, അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ
38അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ, അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും, ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്ക് കൈ മലർത്തുകയും ചെയ്താൽ
39അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് ക്ഷമിക്കയും
40അങ്ങനെ അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാർക്ക് നൽകിയ ദേശത്ത് അവർ ജീവിച്ചിരിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിന്, ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്ന അങ്ങ്, അവനവന്റെ നടപ്പിന് തക്കവണ്ണം പ്രതിഫലം നൽകേണമേ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്.
41അത്രയുമല്ല, അവിടുത്തെ ജനമായ യിസ്രായേലിലുൾപ്പെടാത്ത ഒരു അന്യദേശക്കാരൻ ദൂരദേശത്ത് നിന്ന് അങ്ങയുടെ നാമം നിമിത്തം വരികയും -
42അവർ അങ്ങയുടെ മഹത്വമുള്ള നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയും കുറിച്ച് കേട്ട് ഈ ആലയത്തിലേക്ക് നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
43അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട്, ഭൂമിയിലെ സകലജാതികളും അങ്ങയുടെ ജനമായ യിസ്രായേലിനെപ്പോലെ അങ്ങയെ ഭയപ്പെടുവാനും, ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അവിടുത്തെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഗ്രഹിപ്പാനും അവിടുത്തെ നാമത്തെ അറിവാനും തക്കവണ്ണം അന്യദേശക്കാരൻ അങ്ങയോട് പ്രാർത്ഥിക്കുന്നതൊക്കെയും അങ്ങ് ചെയ്തുകൊടുക്കേണമേ.
44അവിടുന്ന് അയക്കുന്ന വഴിയിൽ അവിടുത്തെ ജനം തങ്ങളുടെ ശത്രുവിനോട് യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും അവിടുത്തെ നാമത്തിന് ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോട് പ്രാർത്ഥിച്ചാൽ
45അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
46അവർ അങ്ങയോട് പാപം ചെയ്കയും -പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ- അങ്ങ് അവരോട് കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ

Read 1. രാജാക്കന്മാർ 81. രാജാക്കന്മാർ 8
Compare 1. രാജാക്കന്മാർ 8:1-461. രാജാക്കന്മാർ 8:1-46