Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ

1. രാജാക്കന്മാർ 21

Help us?
Click on verse(s) to share them!
1അതിന്റെശേഷം യിസ്രെയേല്യനായ നാബോത്തിന് യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
2ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോട്ടം എന്റെ അരമനക്ക് സമീപം ആകയാൽ എനിക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തരേണം; അതിന് പകരമായി അതിനെക്കാൾ വിശേഷമായ മുന്തിരിത്തോട്ടം നിനക്ക് തരാം; അല്ല, നിനക്ക് സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്ക് പണമായിട്ട് തരാം” എന്ന് പറഞ്ഞു.
3നാബോത്ത് ആഹാബിനോട്: “എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാൻ യഹോവ സംഗതിവരുത്തരുതേ ” എന്ന് പറഞ്ഞു.
4യിസ്രെയേല്യനായ നാബോത്ത്: ‘എന്റെ പിതാക്കന്മാരുടെ സ്വത്ത് അവകാശം ഞാൻ നിനക്ക് തരികയില്ല’ എന്ന് പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്റെ അരമനയിൽ ചെന്ന് ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ച് കിടന്നു.
5അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവനോട് : “ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് ” എന്ന് അവനോട് ചോദിച്ചു.
6അവൻ അവളോട്: “ഞാൻ യിസ്രെയേല്യനായ നാബോത്തിനോട്: ‘നിന്റെ മുന്തിരിത്തോട്ടം എനിക്ക് വിലെക്ക് തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിന് പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരാം’ എന്ന് പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്ക് തരികയില്ല’ എന്ന് പറഞ്ഞതിനാൽ തന്നെ ” എന്ന് പറഞ്ഞു.
7അവന്റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്ന് യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റ് ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും” എന്ന് പറഞ്ഞു.
8അങ്ങനെ അവൾ ആഹാബിന്റെ പേരിൽ എഴുത്ത് എഴുതി അവന്റെ മുദ്രയും പതിച്ചു, നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.
9എഴുത്തിൽ അവൾ എഴുതിയിരുന്നത്: “നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തേണം.
10നീചന്മാരായ രണ്ട് പേരെ അവനെതിരെ ഇരുത്തേണം. ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്ന് അവന് വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്ത് കൊണ്ടുചെന്ന് കല്ലെറിഞ്ഞ് കൊല്ലേണം”.
11അവന്റെ പട്ടണത്തിലെ മൂപ്പന്മാരും പ്രഭുക്കന്മാരും ഈസേബെൽ പറഞ്ഞതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൻപ്രകാരവും ചെയ്തു.
12അവർ ഉപവാസം പ്രസിദ്ധംചെയ്ത്, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
13രണ്ട് നീചന്മാർ വന്ന് അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.
14‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു.
15‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: “നീ എഴുന്നേറ്റ് നിനക്കു വിലെക്ക് തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി ” എന്ന് പറഞ്ഞു.
16‘നാബോത്ത് മരിച്ചു’ എന്ന് കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയി.
17എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായത്:
18“നീ എഴുന്നേറ്റ് ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ ചെന്ന് കാണുക; ഇപ്പോൾ അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയിരിക്കുന്നു.

19നീ അവനോട്: “നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ ? എന്ന് യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ച് തന്നേ നിന്റെ രക്തവും നക്കിക്കളയും എന്ന് യഹോവ കല്പിക്കുന്നു ” എന്ന് പറക.
20ആഹാബ് ഏലീയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?” എന്ന് പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്‌വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ട്
21ഞാൻ നിന്റെ മേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.
22നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
23ഈസേബെലിനെക്കുറിച്ച് യഹോവ അരുളിച്ചെയ്തത്: ‘നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ച് തിന്നുകളയും.
24ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും’.
25എന്നാൽ തന്റെ ഭാര്യയായ ഈസെബേലിന്റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.
26യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ച് മഹാമ്ലേച്ഛത പ്രവർത്തിച്ചു.
27ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കയും ചെയ്തു.
28അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്:
29“ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും ” എന്ന് കല്പിച്ചു.