Text copied!
CopyCompare
മലയാളം ബൈബിള്‍ - സെഖര്യാവ്

സെഖര്യാവ് 14

Help us?
Click on verse(s) to share them!
1അവർ നിന്റെ നടുവിൽവച്ചു നിന്റെ കൊള്ള വിഭാഗിക്കുവാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.
2ഞാൻ സകലജനതകളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകൾ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകുകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവർ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
3എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതിയതുപോലെ ആ ജനതകളോടു പൊരുതും.
4ആ നാളിൽ അവന്റെ കാൽ യെരൂശലേമിനെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളർന്നുപോകും; ഏറ്റവും വലിയൊരു താഴ്വര ഉളവായി വരും; മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങിപ്പോകും.
5എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
6ആ നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും.
7യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
8ആ നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെട്ടു പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
9യഹോവ സർവ്വഭൂമിക്കും രാജാവാകും; ആ നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
10ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോൻവരെ സമഭൂമിയായിത്തീരും; യെരൂശലേമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നെ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും നിവാസികൾ ഉള്ളതാകും.
11അവർ അതിൽ പാർക്കും; ഇനി പൂർണ്ണ നശീകരണം ഉണ്ടാകുകയില്ല; യെരൂശലേം നിർഭയം വസിക്കും.
12യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജനതകളെയും യഹോവ ശിക്ഷിക്കുവാനുള്ള ശിക്ഷ ഇതാകുന്നു: അവർ നിവിർന്നുനില്ക്കുമ്പോൾ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപ്പോകും.
13ആ നാളിൽ യഹോവയാൽ ഒരു മഹാപരിഭ്രമം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരന്റെ കൈ കടന്നുപിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
14യെഹൂദയും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജനതകളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.
15അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
16എന്നാൽ യെരൂശലേമിനു നേരെ വന്ന സകലജനതകളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിക്കുവാനും കൂടാരപ്പെരുനാൾ ആചരിക്കുവാനും വർഷംതോറും വരും.
17ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിക്കുവാൻ യെരൂശലേമിലേക്കു വരാതിരുന്നാൽ അവർക്കു മഴയുണ്ടാകയില്ല.
18മിസ്രയീംവംശം വരാതിരുന്നാൽ അവർക്കും മഴ ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജനതകളെ യഹോവ ശിക്ഷിക്കുവാള്ള ശിക്ഷതന്നെ അവർക്കുണ്ടാകും.

19കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകലജനതകൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നെ.
20ആ നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.
21യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരെല്ലാം വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകുകയില്ല.