14യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു് തിരികെ പോയി; അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പ്രസിദ്ധമായി.
15അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
16അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്ന് വായിക്കുവാൻ എഴുന്നേറ്റുനിന്നു.
17യെശയ്യാപ്രവാചകന്റെ പുസ്തകം അവന് കൊടുത്തു; അവൻ പുസ്തകം തുറന്നു:
18“ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; തടവുകാർക്ക് വിടുതലും, അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും,
19ജനങ്ങളോട് കാരുണ്യം കാട്ടുവാൻ കർത്താവിന്റെ വർഷം എത്തിയിരിക്കുന്നു എന്നു പ്രസംഗിക്കുവാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ട്.
20പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന് തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരും യേശുവിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു.
21അവൻ അവരോട്: ഇന്ന് നിങ്ങൾ എന്റെ വചനം കേൾക്കുന്നത് കൊണ്ട് ഈ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു എന്നു പറഞ്ഞുതുടങ്ങി.
22എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
23യേശു അവരോട്: വൈദ്യാ, നിന്നെത്തന്നെ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ല് പോലെ കഫർന്നഹൂമിൽ ചെയ്തത് എല്ലാം ഈ നിന്റെ പിതാവിന്റെ നഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോട് പറയും നിശ്ചയം.
24ഒരു പ്രവാചകനെയും തന്റെ പിതാവിന്റെ നഗരം സ്വീകരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25ഏലിയാവിന്റെ കാലത്ത് മൂന്നു ആണ്ടും ആറ് മാസവും മഴയില്ലാതെ ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.
26എന്നാൽ സീദോനിലെ സരെപ്തയിൽ ഉള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലിയാവിനെ അയച്ചില്ല.
27അതുപോലെ എലീശാപ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ വേറെ ആരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു.
28പള്ളിയിലുള്ളവർ ഇതു കേട്ടിട്ട് എല്ലാവരും കോപിച്ച് എഴുന്നേറ്റ്
29അവനെ പട്ടണത്തിൽ നിന്നു വെളിയിലാക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ അറ്റത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടാം എന്നു വിചാരിച്ചു.
30യേശുവോ അവരുടെ നടുവിൽ കൂടി കടന്നുപോയി.