Text copied!
CopyCompare
മലയാളം ബൈബിള്‍ - മർക്കൊസ് - മർക്കൊസ് 8

മർക്കൊസ് 8:14-34

Help us?
Click on verse(s) to share them!
14ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
15അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി.
16നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
17അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
18കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?
19അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു.
20നാലായിരം പേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു.
21പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു.
22അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു.
23അവൻ കുരുടന്റെ കൈയ്ക്ക് പിടിച്ച് അവനെ ഗ്രാമത്തിന് പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ച്: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
24അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; മരങ്ങൾ നടക്കുന്നതുപോലെയത്രേ ഞാൻ അവരെ കാണുന്നത് എന്നു പറഞ്ഞു.
25വീണ്ടും യേശു അവന്റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ട്.
26“നീ ഗ്രാമത്തിൽ കടക്കുകപോലും അരുത്” എന്നു പറഞ്ഞ് അവൻ അവനെ വീട്ടിലേക്ക് അയച്ചു.
27അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യയിലെ ഗ്രാമങ്ങളിലേക്ക് പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോട്: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചു.
28“യോഹന്നാൻ സ്നാപകനെന്ന് ചിലർ, ഏലിയാവെന്ന് ചിലർ, പ്രവാചകന്മാരിൽ ഒരുവൻ എന്നു മറ്റു ചിലർ” എന്നു അവർ ഉത്തരം പറഞ്ഞു.
29അവൻ അവരോട്: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്: “നീ ക്രിസ്തു ആകുന്നു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
30പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോട് ഖണ്ഡിതമായി പറഞ്ഞു.
31“മനുഷ്യപുത്രൻ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കുകയും വേണം” എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
32അവൻ ഇതു വ്യക്തമായി പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
33അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ട് പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു.
34പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ച് അവരോട് പറഞ്ഞത്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.

Read മർക്കൊസ് 8മർക്കൊസ് 8
Compare മർക്കൊസ് 8:14-34മർക്കൊസ് 8:14-34