Text copied!
CopyCompare
മലയാളം ബൈബിള്‍ - മർക്കൊസ്

മർക്കൊസ് 2

Help us?
Click on verse(s) to share them!
1ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്ന്; അവൻ വീട്ടിൽ ഉണ്ടെന്ന് ശ്രുതിയായി.
2ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോട് ദൈവവചനം പ്രസ്താവിച്ചു.
3അപ്പോൾ ചിലർ ഒരു പക്ഷവാതക്കാരനെയുംകൊണ്ട് യേശുവിന്റെ അടുക്കൽ വന്നു; നാല് ആളുകൾ അവനെ ചുമന്നിരുന്നു.
4ജനക്കൂട്ടം നിമിത്തം സമീപിച്ചുകൂടായ്കയാൽ യേശു ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച് തുറന്നു, ഒരു ദ്വാരം ഉണ്ടാക്കി, പക്ഷവാതക്കാരനെ കിടക്കയോടെ താഴോട്ടിറക്കി വെച്ച്.
5യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു.
6അവിടെ ചില ശാസ്ത്രിമാർ ഇരുന്നിരുന്നു: “ഈ മനുഷ്യന് എങ്ങനെ ഇപ്രകാരം പറയുവാൻ കഴിയും? ഇവൻ ദൈവദൂഷണം പറയുന്നു!
7ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
8ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നത് യേശു ഉടനെ ആത്മാവിൽ ഗ്രഹിച്ചു അവരോട്: “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്?
9പക്ഷവാതക്കാരനോട് ‘നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക’ എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
10“എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്” — അവൻ പക്ഷവാതക്കാരനോട്:
11“എഴുന്നേറ്റ് കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു” എന്നു പറഞ്ഞു.
12ഉടനെ അവൻ എഴുന്നേറ്റ് കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു: ഞങ്ങൾ ഇതുപോലെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
13അവൻ പിന്നെയും കടല്ക്കരെ ചെന്ന്; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
14പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട്: “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
15യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
16അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്റെ ശിഷ്യന്മാരോട്: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നതെന്ത് ? എന്നു ചോദിച്ചു.
17യേശു അത് കേട്ട് അവരോട്: രോഗികൾക്കല്ലാതെ ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിക്കുവാൻ വന്നത് എന്നു പറഞ്ഞു.
18യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുക പതിവായിരുന്നു; അവർ വന്നു അവനോട്: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത് എന്നു ചോദിച്ചു.

19യേശു അവരോട് പറഞ്ഞത്: “മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിക്കുവാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്ക് ഉപവസിക്കുവാൻ കഴിയുകയില്ല.
20എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും.
21പഴയ വസ്ത്രത്തിൽ പുതിയതുണിക്കഷണം ആരും ചേർത്ത് തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതിയ കഷണം പഴയതിൽ നിന്നു വലിഞ്ഞിട്ട് കീറൽ ഏറ്റവും വല്ലാതെ ആകും.
22ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നു വെയ്ക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലത്രേ പകർന്നു വെയ്ക്കേണ്ടത്.”
23യേശു ശബ്ബത്തിൽ ഒരു വയലിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴി നടക്കയിൽ കതിർ പറിച്ചു തിന്നുതുടങ്ങി.
24പരീശന്മാർ അവനോട്: നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത് എന്നു പറഞ്ഞു.
25അവൻ അവരോട്: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്?
26അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്ത് ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
27പിന്നെ യേശു അവരോട്: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്;
28അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നു പറഞ്ഞു.