Text copied!
CopyCompare
മലയാളം ബൈബിള്‍ - ന്യായാധിപന്മാർ - ന്യായാധിപന്മാർ 11

ന്യായാധിപന്മാർ 11:21-40

Help us?
Click on verse(s) to share them!
21യിസ്രായേലിന്റെ ദൈവമായ യഹോവ ,സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച് ,ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
22അർന്നോൻ മുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി.
23യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽ നിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ?
24നിന്റെ ദേവനായ കെമോശ് അവകാശമായി തരുന്ന ദേശത്തെ നീ അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന അവകാശം ഞങ്ങളും അനുഭവിക്കും.
25സിപ്പോരിന്റെ മകൻ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാൾ നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും മൽസരിച്ചിട്ടുണ്ടോ? യുദ്ധം ചെയ്തിട്ടുണ്ടോ?
26യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ,ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല?
27ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോട് യുദ്ധം ചെയ്യുന്നതിനാൽ നീ ആകുന്നു അന്യായം ചെയ്യുന്നത്; യഹോവ എന്ന ന്യായാധിപതി ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.
28എന്നാൽ യിഫ്താഹിന്റെ വാക്കുകൾ അമ്മോന്യരുടെ രാജാവ് വകവച്ചില്ല.
29അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി; അവിടെ നിന്ന് അമ്മോന്യരുടെ നേരെ ചെന്നു.
30യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
31ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ ,എന്റെ വീട്ടുവാതില്ക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും.
32ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.
33അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപത് പട്ടണം ജയിച്ചടക്കി.
34എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ,ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല.
35അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി,“ അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ “എന്ന് പറഞ്ഞു.
36അവൾ അവനോട്, “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ, യഹോവ നിനക്ക് വേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക “എന്ന് പറഞ്ഞു.
37“എന്നാൽ ഒരു കാര്യം എനിക്കു വേണ്ടി ചെയ്തു തരേണം; ഞാനും എന്റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്ന് എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസം തരേണം “എന്ന് അവൾ തന്റെ അപ്പനോട് പറഞ്ഞു.
38അതിന് അവൻ : പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു.
39രണ്ടു മാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല.
40പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാല് ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

Read ന്യായാധിപന്മാർ 11ന്യായാധിപന്മാർ 11
Compare ന്യായാധിപന്മാർ 11:21-40ന്യായാധിപന്മാർ 11:21-40