Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 22

1. രാജാക്കന്മാർ 22:3-28

Help us?
Click on verse(s) to share them!
3യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്ന് നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്ന് പിടിക്കുവാൻ മടിക്കുന്നതെന്ത്” എന്ന് പറഞ്ഞു.
4അവൻ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോരുമോ?” എന്ന് ചോദിച്ചു. അതിന് യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: “ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ ” എന്ന് പറഞ്ഞു.
5എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: “ഇന്ന് യഹോവയുടെ അരുളപ്പാട് ചോദിച്ചാലും“ എന്ന് പറഞ്ഞു.
6അങ്ങനെ യിസ്രായേൽരാജാവ് ഏകദേശം നാനൂറ് പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: “ഞാൻ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകയോ പോകാതിരിക്കയോ എന്ത് വേണം ” എന്ന് ചോദിച്ചു. അതിന് അവർ “പുറപ്പെടുക; കർത്താവ് അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ” എന്ന് പറഞ്ഞു.
7എന്നാൽ യെഹോശാഫാത്ത്: “നാം അരുളപ്പാട് ചോദിക്കുവാൻ യഹോവയുടെ പ്രവാചകന്മാർ ആരും ഇവിടെ ഇല്ലയോ” എന്ന് ചോദിച്ചു.
8അതിന് യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാട് ചോദിപ്പാനായി ഇനി യിമ്ലയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്ന് പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ” എന്ന് യെഹോശാഫാത്ത് പറഞ്ഞു.
9അങ്ങനെ യിസ്രായേൽരാജാവ് ഒരു ഉദ്യോഗസ്ഥനെ വിളിച്ച്, യിമ്ളയുടെ മകൻ മീഖായാവിനെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.
10യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ കവാടത്തിലെ ഒരു വിശാലസ്ഥലത്ത് സിംഹാസനത്തിൽ ഇരുന്നിരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.
11കെനയനയുടെ മകൻ സിദെക്കീയാവ് ഇരിമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കി, ‘ഇവകൊണ്ട് അരാമ്യർ ഒടുങ്ങുംവരെ നീ അവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞു.
12പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്ക് പുറപ്പെടുക; നീ ജയാളിയാകുക; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ” എന്ന് അവർ പറഞ്ഞു.
13മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിന് ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ ” എന്ന് പറഞ്ഞു.
14അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നത് തന്നേ ഞാൻ പ്രസ്താവിക്കും” എന്ന് പറഞ്ഞു.
15അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകണോ വേണ്ടായോ” എന്ന് ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ ജയാളികളാകും; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ” എന്ന് പറഞ്ഞു.
16രാജാവ് അവനോട്: “യഹോവയുടെ നാമത്തിൽ സത്യമല്ലാത്തതൊന്നും പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കണം ” എന്ന് ചോദിച്ചു.
17അതിന് അവൻ പറഞ്ഞത്: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ‘ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ സ്വന്തം ഭവനങ്ങളിലേക്ക് സമാധാനത്തോടെ മടങ്ങിപ്പോകട്ടെ’ എന്ന് കല്പിച്ചു”.
18അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ ” എന്ന് പറഞ്ഞു.
19അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
20‘ആഹാബ് ചെന്ന് ഗിലെയാദിലെ രാമോത്തിൽവെച്ച് പട്ടുപോകത്തക്കവണ്ണം ആരവനെ വശീകരിക്കും’ എന്ന് യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
21എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്ന് യഹോവയുടെ സന്നിധിയിൽ നിന്നു: ‘ഞാൻ അവനെ വശീകരിക്കും’ എന്ന് പറഞ്ഞു.
22‘എങ്ങനെ’ എന്ന് യഹോവ ചോദിച്ചതിന് അവൻ: ‘ഞാൻ അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് പറഞ്ഞു. ‘നീ അവനെ വശീകരിക്കും, നിനക്ക് സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക’ എന്ന് യഹോവ കല്പിച്ചു.
23ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിനക്ക് അനർത്ഥം വിധിച്ചുമിരിക്കുന്നു ” എന്ന് പറഞ്ഞു.
24അപ്പോൾ കെനയനയുടെ മകൻ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്റെ ചെകിട്ടത്ത് അടിച്ച്: “നിന്നോട് അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏത് വഴിയായി കടന്നുവന്നു” എന്ന് ചോദിച്ചു.
25അതിന് മീഖായാവ്: “നീ ഒളിക്കുവാൻ അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും ” എന്ന് പറഞ്ഞു.
26അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: “മീഖായാവിനെ പിടിച്ച് നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന് അവനെ കാരാഗൃഹത്തിൽ അടക്കുക.
27ഞാൻ സമാധാനത്തോടെ വരുവോളം കുറച്ച് അപ്പവും കുറച്ച് വെള്ളവും മാത്രം കൊടുക്കേണ്ടതിന് രാജാവ് കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക”.
28അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുമെങ്കിൽ യഹോവ എന്നോട് അരുളിച്ചെയ്തിട്ടില്ല; സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ ” എന്ന് അവൻ പറഞ്ഞു.

Read 1. രാജാക്കന്മാർ 221. രാജാക്കന്മാർ 22
Compare 1. രാജാക്കന്മാർ 22:3-281. രാജാക്കന്മാർ 22:3-28