1സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?
2എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.
3യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
4ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു; അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു.
5അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.