Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം

ലേവ്യപുസ്തകം 5

Help us?
Click on verse(s) to share them!
1“‘ഒരുവൻ സത്യവാചകം കേട്ടിട്ട്, താൻ സാക്ഷിയായി കാണുകയോ അറിയുകയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
2ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ ശവമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
3അല്ലെങ്കിൽ ഏതെങ്കിലും അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അത് അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
4അല്ലെങ്കിൽ ഒരു മനുഷ്യൻ ചിന്തിക്കാതെ സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്യുവാനോ ഗുണം ചെയ്യുവാനോ ഒരുവൻ തന്റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യം ചെയ്കയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
5ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്ന് അവൻ ഏറ്റുപറയണം.
6താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാടിനെ പാപയാഗമായി കൊണ്ടുവരണം; പുരോഹിതൻ അവനുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.
7ആട്ടിൻകുട്ടിക്ക് അവനു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരണം.
8അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ പാപയാഗത്തിനുള്ളതിനെ മുമ്പേ അർപ്പിച്ച് അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കണം; എന്നാൽ തല ശരീരത്തിൽനിന്ന് പൂർണ്ണമായി വേർപെടുത്തരുത്.
9അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാർശ്വത്തിൽ തളിക്കണം; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയണം; ഇതു പാപയാഗം.
10രണ്ടാമത്തതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
11“‘രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ അവനു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന് ഒരിടങ്ങഴി നേരിയ മാവ് വഴിപാടായി കൊണ്ടുവരണം; അതു പാപയാഗം ആകുകകൊണ്ട് അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്.
12അവൻ അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം: പുരോഹിതൻ സ്മരണാംശമായി അതിൽനിന്നു കൈ നിറച്ചെടുത്ത് യാഗപീഠത്തിന്മേൽ യഹോവയ്ക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കണം; ഇതു പാപയാഗം.
13ഇങ്ങനെ പുരോഹിതൻ ആ വക കാര്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കണം.’ ”
14യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
15“ഒരുവൻ യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം പ്രവർത്തിച്ചു പാപം ചെയ്തു എങ്കിൽ അവൻ തന്റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ നിശ്ചയിക്കുന്നത്ര വെള്ളിവിലയ്ക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരണം.
16വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ ചെയ്ത തെറ്റിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതനു കൊടുക്കണം; പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
17“ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ഒരുവൻ പാപംചെയ്തിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കണം.
18അവൻ അകൃത്യയാഗത്തിനായി നിന്റെ വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ അബദ്ധവശാൽ തെറ്റുചെയ്തതും അറിയാതിരുന്നതുമായ തെറ്റിനായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

19ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.”