Text copied!
CopyCompare
മലയാളം ബൈബിള്‍ - യിരെമ്യാവു

യിരെമ്യാവു 9

Help us?
Click on verse(s) to share them!
1അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ ഘാതകന്മാർനിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു!
2അയ്യോ, എന്റെ ജനത്തെ വിട്ടു പോകേണ്ടതിന് മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലയോ?.
3“അവർ വ്യാജത്തിനായി നാവു വില്ലുപോലെ കുലയ്ക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
4നിങ്ങൾ ഓരോരുത്തനും അവനവന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്ളുവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഓരോ സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഓരോ കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.
5അവർ ഓരോരുത്തനും അവനവന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കുകയുമില്ല; വ്യാജം സംസാരിക്കുവാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവർത്തിക്കുവാൻ അവർ അദ്ധ്വാനിക്കുന്നു.
6നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചനനിമിത്തം അവർ എന്നെ അറിയുവാൻ വിസമ്മതിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
7അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിക്കു വേണ്ടി എനിക്ക് മറ്റെന്തു ചെയ്യുവാൻ സാധിക്കും?
8അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും അവനവന്റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു.
9ഇവ നിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.
10“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം അവിടം വിട്ടുപോയിരിക്കുന്നു.
11ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകും വിധം ശൂന്യമാക്കിക്കളയും.
12ഇതു ഗ്രഹിക്കുവാൻ തക്ക ജ്ഞാനമുള്ളവൻ ആര്? അതു പ്രസ്താവിക്കുവാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാത്തവിധം ദേശം നശിച്ച് മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്?”
13യഹോവ അരുളിച്ചെയ്യുന്നത്: “ഞാൻ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ച് എന്റെ വാക്കു കേൾക്കുകയോ അത് അനുസരിച്ചു നടക്കുകയോ ചെയ്യാതെ
14അവരുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും അവരുടെ പിതാക്കന്മാർ അവരെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നു”; അതുകൊണ്ട്
15യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ച് നഞ്ചുവെള്ളം കുടിപ്പിക്കും.
16അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജനതകളുടെ ഇടയിൽ ഞാൻ അവരെ ചിതറിച്ച്, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും”.
17സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചിന്തിച്ചു വിലപിക്കുന്ന സ്ത്രീകളെ വിളിച്ചു വരുത്തുവിൻ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ.
18നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

19സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; “നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശം വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങൾ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.
20എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ; നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ.
21വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.
22മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും, കൊയ്ത്തുകാരന്റെ പിന്നിലെ കതിർമണിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കുകയില്ല എന്ന് യഹോവയുടെ അരുളപ്പാട്” എന്നു പറയുക.
23യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്.
24പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലയോ എനിക്കു പ്രസാദമുള്ളത്” എന്നു യഹോവയുടെ അരുളപ്പാട്.
25ഇതാ ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുഭൂനിവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകലപരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിക്കുവാനുള്ള കാലം വരുന്നു.
26സകലജനതകളും അഗ്രചർമ്മികളല്ലയോ?; എന്നാൽ യിസ്രായേൽഗൃഹം മുഴുവനും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.