Text copied!
CopyCompare
മലയാളം ബൈബിള്‍ - യിരെമ്യാവു

യിരെമ്യാവു 7

Help us?
Click on verse(s) to share them!
1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
2“നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: ‘യഹോവയെ നമസ്കരിക്കുവാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ’.
3യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.
4‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.
5നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,
6പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ,
7ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.
8നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.
9നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.
10പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിനു തന്നെയോ?
11എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം ‘കള്ളന്മാരുടെ ഗുഹ’ എന്ന് നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
12“എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിലെ എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!
13ആകയാൽ നിങ്ങൾ ഈ പ്രവൃത്തികൾ എല്ലാം ചെയ്യുകയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ കേൾക്കാതിരിക്കുകയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കുകയും ചെയ്യുകകൊണ്ട്,
14എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നൽകിയിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും.
15എഫ്രയിംസന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
16അതുകൊണ്ട് നീ ഈ ജനത്തിനു വേണ്ടി പ്രാർത്ഥിക്കരുത്; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുത്; എന്നോടു പക്ഷവാദം ചെയ്യുകയുമരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല.
17യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലയോ?
18എനിക്കു കോപം ജ്വലിക്കത്തക്കവണ്ണം, ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിനും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.

19എന്നാൽ അവർ എന്നെയോ മുഷിപ്പിക്കുന്നത്? സ്വന്തലജ്ജയ്ക്കായിട്ട് അവർ അവരെത്തന്നെയല്ലയോ മുഷിപ്പിക്കുന്നത്” എന്ന് യഹോവയുടെ അരുളപ്പാട്.
20അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യന്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും”.
21യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ.
22ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചോ ഹനനയാഗങ്ങളെക്കുറിച്ചോ അവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല.
23എന്റെ വാക്കു കേട്ടനുസരിക്കുവിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴികളിലും നടക്കുവിൻ” എന്നിങ്ങനെയുള്ള കാര്യമാകുന്നുംഞാൻ അവരോടു കല്പിച്ചത്.
24എന്നാൽ അവർ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പിറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.
25നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു.
26എന്നിട്ടും എന്നെ കേട്ടനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി അവരുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.
27ഈ വചനങ്ങൾ എല്ലാം നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറയുകയില്ല;
28എന്നാൽ നീ അവരോടു പറയേണ്ടത്: “ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്യാത്ത ജനതയാകുന്നു ഇത്; സത്യം നശിച്ച് അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു.
29നിന്റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.
30യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു” എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
31അവരുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.
32അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെൻ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കൊലത്താഴ്വര എന്നു പേര് വിളിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്. വേറെ സ്ഥലം ഇല്ലായ്കകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും.
33എന്നാൽ ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളയുകയുമില്ല.
34അന്ന് ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശം ശൂന്യമായിക്കിടക്കും”.