Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 5

അപ്പൊ. പ്രവൃത്തികൾ 5:1-12

Help us?
Click on verse(s) to share them!
1എന്നാൽ അനന്യാസ് എന്ന് പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റ്.
2നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ച്.
3അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്റെ വിലയിൽ ഒരുഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?
4അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്ന് പറഞ്ഞു.
5ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി.
6യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു.
7ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.
8പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്ന് പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്ന് അവൾ പറഞ്ഞു.
9പത്രൊസ് അവളോട്: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്ന് പറഞ്ഞു.
10ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്ന് കണ്ട് പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
11ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.
12അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.

Read അപ്പൊ. പ്രവൃത്തികൾ 5അപ്പൊ. പ്രവൃത്തികൾ 5
Compare അപ്പൊ. പ്രവൃത്തികൾ 5:1-12അപ്പൊ. പ്രവൃത്തികൾ 5:1-12