Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 20

1. രാജാക്കന്മാർ 20:15-29

Help us?
Click on verse(s) to share them!
15അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ച് എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയും എണ്ണി. അവർ ഏഴായിരം പേർ ആയിരുന്നു.
16അവർ ഉച്ചസമയത്ത് പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്റെ മുപ്പത്തിരണ്ട് സഖ്യരാജാക്കന്മാരും കുടിച്ച് മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.
17ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽ നിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവ് കിട്ടി.
18അപ്പോൾ അവൻ: “അവർ സമാധാനത്തിന് വരുന്നെങ്കിലും, യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ ” എന്ന് കല്പിച്ചു.
19പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു.
20അവർ ഓരോരുത്തൻ താന്താന്റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.
21പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു.
22അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “ധൈര്യപ്പെട്ട് ചെന്ന് നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാംരാജാവ് നിന്റെ നേരെ പുറപ്പെട്ടുവരും ” എന്ന് പറഞ്ഞു.
23അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24അതുകൊണ്ട് നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവരുടെ സ്ഥാനത്തുനിന്ന് മാറ്റി അവർക്ക് പകരം സൈന്യാധിപൻമാരെ നിയമിക്കേണം.
25പിന്നെ നിനക്ക് നഷ്ടപ്പെട്ട സൈന്യത്തിനും കുതിരപ്പടെക്കും രഥങ്ങൾക്കും സമമായ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും ഒരുക്കി സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്ക; നിശ്ചയമായും നാം അവരെക്കാൾ ശക്തരായിരിക്കും”. അവൻ അവരുടെ വാക്ക് കേട്ട് അങ്ങനെ തന്നേ ചെയ്തു.
26പിറ്റെ ആണ്ടിൽ വസന്തകാലത്ത് ബെൻ-ഹദദ് അരാമ്യരെ സമാഹരിച്ച് യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ അഫേക്കിലേക്ക് വന്നു.
27യിസ്രായേല്യരും ഒന്നിച്ചുകൂടി, ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ച് അവരുടെ നേരെ പുറപ്പെട്ടു; അരാമ്യരുടെ നേരെ പാളയം ഇറങ്ങിയ യിസ്രായേല്യർ രണ്ട് ചെറിയ ആട്ടിൻകൂട്ടംപോലെ മാത്രം കാണപ്പെട്ടു; എന്നാൽ അരാമ്യരെക്കൊണ്ട് ദേശം നിറഞ്ഞിരുന്നു.
28ഒരു ദൈവപുരുഷൻ വന്ന് യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല’ എന്ന് അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്ന് നിങ്ങൾ അറിയും ” എന്ന് പറഞ്ഞു.
29എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം യുദ്ധമുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒറ്റ ദിവസം കൊണ്ട് കൊന്നു.

Read 1. രാജാക്കന്മാർ 201. രാജാക്കന്മാർ 20
Compare 1. രാജാക്കന്മാർ 20:15-291. രാജാക്കന്മാർ 20:15-29