Text copied!
CopyCompare
മലയാളം ബൈബിള്‍ - യോശുവ - യോശുവ 10

യോശുവ 10:11-40

Help us?
Click on verse(s) to share them!
11അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ കൽമഴ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.
12എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോട് സംസാരിച്ചു. യിസ്രായേൽമക്കൾ കേൾക്കെ: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക“ എന്ന് പറഞ്ഞു.
13ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
14യഹോവ ഒരു മനുഷ്യന്റെ വാക്ക് കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തത്.
15യോശുവയും യിസ്രായേൽ ജനമൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിവന്നു.
16എന്നാൽ ആ രാജാക്കന്മാർ അഞ്ചുപേരും രക്ഷപെട്ട് മക്കേദയിലെ ഗുഹയിൽ ചെന്ന് ഒളിച്ചു.
17രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി യോശുവെക്ക് അറിവുകിട്ടി.
18യോശുവ: “ഗുഹയുടെ ദ്വാരത്തിൽ വലിയ കല്ലുകൾ ഉരുട്ടിവെച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവീൻ;
19നിങ്ങൾ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ ആക്രമിക്കുക. പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു“ എന്ന് പറഞ്ഞു.
20അങ്ങനെ യോശുവയും യിസ്രായേൽമക്കളും ഒരു മഹാസംഹാരം നടത്തി.ജീവനോടെ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.
21പടയാളികൾ സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളുടെ നേരെ ആരും നാവനക്കിയില്ല.
22പിന്നെ യോശുവ: “ഗുഹയുടെ വായ്തുറന്ന് രാജാക്കന്മാരെ അഞ്ചുപേരേയും എന്റെ അടുക്കൽ കൊണ്ടുവരുവീൻ“ എന്ന് പറഞ്ഞു.
23അവർ യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‌രാജാവ്, ലാഖീശ്‌രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു.
24അപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ എല്ലാം വിളിപ്പിച്ചു. തന്നോടുകൂടെ പോയ പടയാളികളുടെ അധിപതിമാരോടു: “ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെക്കുവീൻ“ എന്ന് പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.
25യോശുവ അവരോട്: “ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പീൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും“ എന്ന് പറഞ്ഞു.
26അതിനു ശേഷം യോശുവ ആ അഞ്ച് രാജാക്കന്മരെ വെട്ടിക്കൊന്ന് മരത്തിന്മേൽ തൂക്കി
27സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ വായിൽ വലിയ കല്ല് ഉരുട്ടിവെച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.
28അന്ന് യോശുവ മക്കേദ പിടിച്ച് വാളിനാൽ അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോട് ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.
29യോശുവയും യിസ്രായേൽ ജനവും മക്കേദയിൽനിന്ന് ലിബ്നെക്ക് ചെന്ന് അതിനോട് യുദ്ധം ചെയ്തു.
30യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിലുള്ള എല്ലാവരെയും സംഹരിച്ചു; ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോട് ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
31യോശുവയും യിസ്രായേൽ ജനവും ലിബ്നയിൽനിന്ന് ലാഖീശിലേക്ക് ചെന്ന് പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു.
32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
34യോശുവയും യിസ്രായേൽ ജനവും ലാഖീശിൽനിന്ന് എഗ്ലോനിലേക്ക് ചെന്ന് പാളയമിറങ്ങി അതിനോട് യുദ്ധം ചെയ്തു,
35അവർ അന്നു തന്നേ അതിനെ പിടിച്ചു. വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും അന്ന് നിർമ്മൂലമാക്കി.
36യോശുവയും യിസ്രായേൽ ജനവും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്ക് ചെന്ന് യുദ്ധംചെയ്തു.
37അവർ അത് പിടിച്ച്, വാളിന്റെ വായ്ത്തലയാൽ അതിലെ രാജാവിനെയും എല്ലാപട്ടണങ്ങളും അതിലുള്ള എല്ലാവരെയും സംഹരിച്ചു; എഗ്ലോനോട് ചെയ്തതുപോലെ അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.
38പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്ന് യുദ്ധംചെയ്തു.
39അവൻ അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതെ നിർമ്മൂലമാക്കി; അവൻ ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോട് ചെയ്തതുപോലെ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
40ഇങ്ങനെ യോശുവ, മലനാട്, തെക്കേ ദേശം, താഴ്‌വര, മലഞ്ചരിവുകൾ എന്നിങ്ങനെ ദേശം ഒക്കെയും സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.

Read യോശുവ 10യോശുവ 10
Compare യോശുവ 10:11-40യോശുവ 10:11-40