Text copied!
CopyCompare
മലയാളം ബൈബിള്‍ - ദാനീയേൽ

ദാനീയേൽ 4

Help us?
Click on verse(s) to share them!
1നെബൂഖദ്നേസർരാജാവ് സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ജനതകൾക്കും ഭാഷക്കാർക്കും എഴുതുന്നത്: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ.
2അത്യുന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നല്ലതെന്ന് എനിക്ക് തോന്നിയിരിക്കുന്നു.
3അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.
4നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു;
5അതുനിമിത്തം ഭയപ്പെട്ടു; കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും ഞാൻ വ്യാകുലപ്പെട്ടു.
6സ്വപ്നത്തിന്റെ അർത്ഥം അറിയിക്കുവാൻ ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു.
7അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചതുമില്ല.
8ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോട് ഞാൻ സ്വപ്നം വിവരിച്ചു:
9“മന്ത്രവാദശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്ക് മറവായിരിക്കുന്നില്ലെന്നും ഞാൻ അറിയുന്നതുകൊണ്ട് ഞാൻ കണ്ട സ്വപ്നത്തിന്റെ ദർശനവും അർത്ഥവും പറയുക.
10കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു.
11ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
12അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണൽ കണ്ടെത്തി; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു.
13കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു.
14അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇല കുടഞ്ഞുകളഞ്ഞ്, കായ്കൾ ചിതറിച്ചുകളയുവിൻ; അതിന്റെ കീഴിൽനിന്ന് മൃഗങ്ങളും കൊമ്പുകളിൽനിന്ന് പക്ഷികളും പൊയ്ക്കൊള്ളട്ടെ.
15അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുക; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; അവന് മൃഗങ്ങളോടുകൂടി നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ.
16അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴു കാലം കഴിയട്ടെ.
17അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു എന്ന് ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.
18നെബൂഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്റെ അർത്ഥം അറിയിക്കുവാൻ കഴിയായ്കകൊണ്ട് നീ അതിന്റെ അർത്ഥം അറിയിച്ചുതരണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ട് നീ അതിന് പ്രാപ്തനാകുന്നു.”

19അപ്പോൾ ബേൽത്ത്ശസ്സർ എന്ന് പേരുള്ള ദാനീയേൽ കുറെ നേരത്തേക്ക് സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവ് അവനോട്: “ബേൽത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവും നിമിത്തം നീ പരവശനാകരുതേ” എന്ന് കല്പിച്ചു. ബേൽത്ത്ശസ്സർ ഉത്തരം പറഞ്ഞത്: “യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.
20വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലായിടത്തുനിന്നും കാണാകുന്നതും
21ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
22രാജാവേ, വർദ്ധിച്ച് ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നെ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ച് ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
23ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു: ‘വൃക്ഷം വെട്ടിയിട്ട് നശിപ്പിച്ചുകളയുവിൻ; എങ്കിലും അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടി ആയിരിക്കട്ടെ’ എന്നിങ്ങനെ പറയുന്നത് രാജാവ് കണ്ടുവല്ലോ.
24രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നെ;
25തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടിയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നുവെന്ന് തിരുമനസ്സുകൊണ്ട് അറിയുന്നതുവരെ ഏഴു കാലം കഴിയും.
26വൃക്ഷത്തിന്റെ തായ് വേര് ശേഷിപ്പിക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നത് സ്വർഗ്ഗമാകുന്നു എന്ന് തിരുമനസ്സുകൊണ്ട് ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്ക് സ്ഥിരമാകും എന്നത്രെ.
27ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്ക് പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളും ദരിദ്രന്മാരോട് കരുണ കാണിക്കുന്നതിനാൽ അകൃത്യങ്ങളും പരിഹരിച്ചുകൊള്ളുക; ഒരുപക്ഷെ തിരുമനസ്സിലെ സുഖകാലം ദീർഘമായേക്കും.”
28ഇതെല്ലാം നെബൂഖദ്നേസർരാജാവിന് വന്നുഭവിച്ചു.
29പന്ത്രണ്ടു മാസം കഴിഞ്ഞ് അവൻ ബാബേലിലെ രാജമന്ദിരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു.
30“ഇത്, ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിനുവേണ്ടി രാജധാനിയായി പണിത മഹത്വമുള്ള ബാബേൽ അല്ലയോ.” എന്ന് രാജാവ് പറഞ്ഞുതുടങ്ങി.
31ഈ വാക്ക് രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: “നെബൂഖദ്നേസർരാജാവേ, നിന്നോട് ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ട് നീങ്ങിയിരിക്കുന്നു.
32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടി ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്ക് ഏഴു കാലം കഴിയും.”
33ഉടൻ തന്നെ ആ വാക്ക് നെബൂഖദ്നേസരിന് നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്ന് നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാളയെപ്പോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ട് നനയുകയും ചെയ്തു.
34ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ.
35അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുക്കുവാനോ, ‘നീ എന്തു ചെയ്യുന്നു?’ എന്ന് അവനോട് ചോദിക്കുവാനോ ആർക്കും കഴിയുകയില്ല.
36ആ നേരത്തു തന്നെ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിനായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്ക് അധികമായി സിദ്ധിച്ചു.

37ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ എല്ലാം സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാൻ അവൻ പ്രാപ്തൻ തന്നെ.