Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 18

1. രാജാക്കന്മാർ 18:5-21

Help us?
Click on verse(s) to share them!
5ആഹാബ് ഓബദ്യാവിനോട്: “നീ ദേശത്തെ എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികെ ചെന്ന് നോക്കുക; ഒരുപക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്ക് പുല്ല് കിട്ടുമായിരിക്കും ” എന്ന് പറഞ്ഞു.
6ദേശത്തെ അവർ രണ്ടായി പകുത്തു; ഒരു ദിശയിലേക്ക് ആഹാബും, മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി;
7ഓബദ്യാവ് യാത്ര ചെയ്യുമ്പോൾ ഏലീയാവ് എതിരെ വരുന്നത് കണ്ടു; ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സാഷ്ടാംഗം വീണു: “എന്റെ യജമാനനായ ഏലീയാവോ ” എന്ന് ചോദിച്ചു.
8അവൻ അവനോട്: “അതേ, ഞാൻ തന്നേ; നീ ചെന്ന് ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്കുക” എന്ന് പറഞ്ഞു.
9അതിന് ഓബദ്യാവ് പറഞ്ഞത്: “അടിയനെ കൊല്ലേണ്ടതിന് ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്ത് പാപം ചെയ്തു?
10നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജനതയോ രാജ്യമോ ഇല്ല; ‘നീ അവിടെ ഇല്ല’ എന്ന് അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജനതയെയുംകൊണ്ട് ‘നിന്നെ കണ്ടിട്ടില്ല’ എന്ന് സത്യം ചെയ്യിച്ചു.
11ഇങ്ങനെയിരിക്കെ ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് എന്റെ യജമാനനെ അറിയിക്ക’ എന്ന് നീ കല്പിക്കുന്നുവല്ലോ.
12ഞാൻ നിന്നെ വിട്ടുപോയാൽ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ എടുത്ത് ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടുപോകും; ഞാൻ ആഹാബിനോട് ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ വരികയും ചെയ്താൽ, അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊന്നപ്പോൾ, ഞാൻ അവരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചത് യജമാനൻ അറിഞ്ഞിട്ടില്ലയോ?
14ഇപ്പോൾ നീ എന്നോട്: ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്ക’ എന്ന് കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ”.
15അതിന് ഏലീയാവ്: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്ന് തീർച്ചയായും അവന്റെ മുൻപിൽ പ്രത്യക്ഷനാകും ” എന്ന് പറഞ്ഞു.
16അങ്ങനെ ഓബദ്യാവ് ആഹാബിനെ കണ്ട് വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവിനെ കാണ്മാൻ ചെന്നു.
17ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ : “ആരിത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ” എന്ന് ചോദിച്ചു.
18അതിന് ഏലിയാവ്: “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്യുന്നതുകൊണ്ട് തന്നേ.
19എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക”
20അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ച്, ആ പ്രവാചകന്മാരെ കർമ്മേൽ പർവ്വതത്തിൽ കൂട്ടിവരുത്തി.
21അപ്പോൾ ഏലീയാവ് അടുത്തുചെന്ന് സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ട് തോണിയിൽ കാൽ വെക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ പിൻപറ്റുവിൻ ” എന്ന് പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.

Read 1. രാജാക്കന്മാർ 181. രാജാക്കന്മാർ 18
Compare 1. രാജാക്കന്മാർ 18:5-211. രാജാക്കന്മാർ 18:5-21