1മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ അന്യനു വേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
2നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി.
3ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്ന്, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക.
4നിന്റെ കണ്ണിന് ഉറക്കവും നിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്.
5മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക,
6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക.
7അതിന് നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും
8വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു.
9മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടപ്പ്.