1ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാട്.
2മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്റെ നേർച്ചകളുടെ മകനേ, എന്ത്?
3സ്ത്രീകൾക്ക് നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.
4വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല; മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.
5അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.
6നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.
7അവൻ മദ്യപിച്ചിട്ട്, തന്റെ ദാരിദ്ര്യം മറക്കുകയും തന്റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.
8ഊമനു വേണ്ടി നിന്റെ വായ് തുറക്കുക; ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.
9നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.
10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? അവളുടെ വില മുത്തുകളിലും ഏറിയത്.