3ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു.
4രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
5കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
6ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
8പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.
9ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.
10രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.