1എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
2“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.
4“നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ.
5യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും.
6സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
10നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
13നിന്റെ ഭുജം വീര്യമുള്ളത്; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.