1സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ; എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.
2എനിക്ക് ചെവിതന്ന് ഉത്തരമരുളണമേ; ശത്രുവിന്റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്റെ പീഡ നിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
3അവർ എന്റെ മേൽ നീതികേട് ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
4എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
6“പ്രാവിനെപ്പോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്ന് ഞാൻ പറഞ്ഞു.
7അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.
8ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!
9കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
10രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്.